local body election 2025
മുമ്മുള്ളി ഡിവിഷനിൽ ഇരുമുന്നണികൾക്കും ഭീഷണിയായി വിമതർ
നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് മുമ്മുള്ളി ഡിവിഷനിലാണ്.
നിലമ്പൂർ | നഗരസഭയിലെ 11ാം ഡിവിഷനായ മുമ്മുള്ളിയിൽ എൽ ഡി എഫിനും യു ഡി എഫിനും ഭീഷണിയായി വിമതർ. യു ഡി എഫിന് വേണ്ടി ലീഗ് മുനിസിപ്പൽ സെക്രട്ടറി ഷൗക്കത്തലി എന്ന നാണിക്കുട്ടിയാണ് മത്സരിക്കുന്നത്. ഇദ്ദേഹം ലീഗിന്റെ കോണി ചിഹ്നം ഒഴിവാക്കി സ്വതന്ത്രനായി ടോർച്ച് ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റായിരുന്ന കബീർ മഠത്തിൽ ഇവിടെ ടെലിവിഷൻ ചിഹ്നത്തിൽ മത്സരത്തിൽ ഉറച്ചുനിൽക്കുന്നുണ്ട്. അതേസമയം, വിമതനായി പത്രിക നൽകിയിരുന്ന ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി പത്രിക പിൻവലിച്ചു.
എൽ ഡി എഫ് സ്ഥാനാർഥിയായി സി പി ഐയിലെ കാഞ്ഞിരംപാറ റിശാദ് എന്ന കുട്ടി മാനാണ് മത്സരിക്കുന്നത്. സി പി ഐ നേതാവ് ഫൈസൽ ചിറക്കൽ എന്ന മാനു കുട ചിഹ്നത്തിൽ സി പി ഐ വിമതനായി മത്സരിക്കുന്നുണ്ട്.
എൻ ഡി എ സ്ഥാനാർഥിയായി ബി ജെ പിയിലെ അനൂപ് കൈപ്പഞ്ചേരി താമര ചിഹ്നത്തിൽ മത്സരിക്കുമ്പോൾ സഹോദരനായ ഉണ്ണികൃഷ്ണൻ സ്വതന്ത്രനായി കസേര അടയാളത്തിലും മത്സരിക്കുന്നു.
തൃണമൂൽ കോൺഗ്രസ്സിനായി തൃണമൂൽ കോൺഗ്രസ്സ് മുനിസിപ്പൽ കൺവീനർ ഷാജഹാൻ പാത്തിപ്പാറ ബലൂൺ ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. എസ് ഡി പി ഐ സ്ഥാനാർഥിയായി മുഹമ്മദ് ഷബീർ കണ്ണട ചിഹ്നത്തിലും രംഗത്തുണ്ട്.
നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് മുമ്മുള്ളി ഡിവിഷനിലാണ്. 900 വോട്ടുകൾക്കായി എട്ട് സ്ഥാനാർഥികളാണ് രംഗത്തുള്ളത്്. ഇരു മുന്നണികൾക്കും വിമത ഭീഷണി ഉയർത്തുമ്പോൾ ഇക്കുറി മത്സരം പൊടിപാറും. നഗരസഭയിലെ തോണിപ്പൊയിൽ ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർഥി കോൺഗ്രസ്സിലെ നാണിക്കെതിരെ ലീഗ് നേതാവ് നിയാസ് മുതുകാടും മത്സരിക്കുന്നുണ്ട്.




