Connect with us

local body election 2025

വിമത തിരഞ്ഞെടുപ്പ്

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം വരെ കിണഞ്ഞ് ശ്രമിച്ചിട്ടും പിന്മാറാതെ മത്സരരംഗത്തുള്ളവര്‍

Published

|

Last Updated

തിരൂരങ്ങാടിയില്‍ വിമതയെ നേരിടാന്‍ അപര

തിരൂരങ്ങാടി | സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാമിന്റെ വീട് ഉൾക്കൊള്ളുന്ന ഡിവിഷനിൽ റിബലിനെ നേരിടാന്‍ അപരയെയിറക്കി മുസ്‍ലിം ലീഗ്. നഗരസഭ 25-ാം ഡിവിഷനില്‍ നിലവിലെ കൗൺസിലർ സി പി ഹബീബയാണ് ലീഗിന്റെ സ്ഥാനാർഥി. എന്നാൽ നഗരസഭാ ഉപാധ്യക്ഷയും ഈ ഡിവിഷനിലെ കൗൺസിലറും വനിതാ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയുമായ കാലൊടി സുലെെഖയാണ് ലീഗിന് റിബലായി മത്സരിക്കുന്നത്. ഇടതുപക്ഷം നേതൃത്വം നൽകുന്ന ടീം പോസിറ്റീവിന്റെ സ്ഥാനാര്‍ഥിയും സുലൈഖ തന്നെ.

സുലൈഖയുടെ സ്ഥാനാർഥിത്വം ലീഗിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. അപരയായി ഒരു സുലൈഖയെ രംഗത്തിറക്കിയെന്ന് മാത്രമല്ല മറ്റ് ഡിവിഷനുകളിലെ ടീം പോസിറ്റീവ് സ്ഥാനാർഥികളുടെ ചിഹ്നവും അപര കൈവശപ്പെടുത്തിയിട്ടുണ്ട്. കുട ചിഹ്നമാണ് ടീം പോസിറ്റീവിന്റെ ഒട്ടുമിക്ക സ്ഥാനാർഥികൾക്കും ഉള്ളത്. എന്നാൽ ഇവിടെ ഈ ചിഹ്നത്തിന് അപര സ്ഥാനാർഥിയും അവകാശവാദം ഉന്നയിച്ചതോടെ നറുക്കിടുകയായിരുന്നു.
നറുക്കെടുപ്പിൽ അപരക്ക് ഈ ചിഹ്നം ലഭിച്ചതോടെ കാലൊടി സുലൈഖ മൊബൈല്‍ ഫോൺ ചിഹ്നം സ്വീകരിക്കുകയായിരുന്നു.

വേങ്ങര, പറപ്പൂര്‍: മെരുങ്ങാതെ യു ഡി എഫ് വിമതര്‍

വേങ്ങര | മാരത്തോണ്‍ ചര്‍ച്ചയില്‍ റിബലുകളില്‍ പലരും പിന്‍വാങ്ങിയെങ്കിലും വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളില്‍ ഇനിയും “മെരുങ്ങാതെ’ മത്സരത്തിനുറച്ച് സ്ഥാനാര്‍ഥികള്‍. വേങ്ങര പഞ്ചായത്തിലെ 15-ാം വാര്‍ഡ് പൂക്കളം ബസാര്‍ വാര്‍ഡില്‍ യു ഡി എഫിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കൈപ്രം ഉമ്മറിനെതിരെ ലീഗ് പ്രവര്‍ത്തകന്‍ പറങ്ങോടത്ത് മന്‍സൂര്‍ മത്സരിക്കുന്നു.

18 പാണ്ടികശാലയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മുസ്നിയ ഫാത്വിമക്കെതിരെ ലീഗിലെ സക്കീന തൂമ്പില്‍ മത്സരിക്കുന്നു. 23 മാട്ടില്‍ ബസാര്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ ടി ശരീഫിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സുബൈര്‍ മത്സരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യു ഡി എഫിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ പി റശീദിനെതിരെ എം എസ് എഫ് മണ്ഡലം നേതാവ് മുഹമ്മദ് ശഹീം മത്സരിക്കുന്നു.
പറപ്പൂര്‍ ഏഴാം വാര്‍ഡില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥി ദിവ്യക്കെതിരെ സി പി ഐ നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരരംഗത്ത് നിലയുറച്ചിട്ടുണ്ട്.

തൃണമൂലിന് ഭീഷണിയായി യു ഡി എഫ് വിമത

നിലമ്പൂര്‍ | കരുളായി പഞ്ചായത്തില്‍ യു ഡി എഫ് തൃണമൂല്‍ കോണ്‍ഗ്രസ്സിന് നല്‍കിയ സീറ്റില്‍ ഭീഷണിയായി കോണ്‍ഗ്രസ്സ് റിബൽ. യു ഡി എഫ്-തൃണമൂല്‍ ധാരണപ്രകാരം രണ്ട് വാര്‍ഡുകളിലാണ് തൃണമൂല്‍ മത്സരിക്കുന്നത്.
അതില്‍ പത്താം വാര്‍ഡായ കളംകുന്നിലാണ് കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ഥിയായി മദാര്‍ അസ്‌കര്‍ മത്സരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പഞ്ചായത്ത് കണ്‍വീനര്‍ കൂടിയായ ടി പി അയ്യൂബാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി. സി പി എമ്മിലെ മുഹമ്മദ് കുട്ടിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി.

നന്നമ്പ്രയിൽ വിമതനിര

തിരൂരങ്ങാടി | നന്നമ്പ്ര പഞ്ചായത്തിൽ കളത്തിൽനിന്ന് പിന്മാറാതെ യു ഡി എഫ് വിമതനിര. ചെറുമുക്ക് മൂന്നാം വാർഡിൽ കോൺഗ്രസ്സിലെ സ്വഫ്‍വാന് എതിരെ ലീഗ് വിമതനായി ജഅ്ഫറും വാർഡ് ഒമ്പതിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുജീബിന് എതിരിൽ ലീഗിന്റെ ഫൈസലും ഉറച്ചുനിൽക്കുന്നു.

വെൽഫെയർ പാർട്ടി മത്സരിക്കുന്ന രണ്ട് വാർഡുകളിലും ലീഗിന്റെ വിമതരുണ്ട്. വെൽഫെയർ പാർട്ടിയുടെ ആലംഗീറിനെതിരെ 18ാം വാർഡിൽ ലീഗിലെ കുഴിമണ്ണിൽ ഫൈസലും 20-ാം വാർഡിൽ വെൽഫെയർ പാർട്ടിയിലെ ലുബ്നാ ഷാജഹാന് എതിരിൽ വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സീനത്തും രംഗത്തുണ്ട്.

19-ാം വാർഡിൽ കോൺഗ്രസ്സിലെ മൊയ്തീൻകുട്ടിക്ക് വിമതനായി ലീഗിന്റെ ആസിഫ് കൊളക്കാടും 24-ാം വാർഡിൽ ലീഗ് സ്ഥാനാർഥിയായ റശീദ് മറ്റത്തിനെതിരായ കോൺഗ്രസ്സിന്റെ കരീമുമുണ്ട്. കരീമിന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സേവ് നന്നമ്പ്ര പിന്തുണ നൽകുന്നുണ്ട്.

പൊന്നാനിയിൽ ഇരുമുന്നണികൾക്കും വിമതശല്യം

പൊന്നാനി | നഗരസഭയിൽ രണ്ട് വാർഡുകളിൽ എൽ ഡി എഫിന് വിമത സ്ഥാനാര്‍ഥികൾ. വാർഡ് 52 മരക്കടവിൽ സ്ഥാനാർഥിയായ സുലൈമാനെതിരെ സി പി എം ബ്രാഞ്ച് സെക്രട്ടറി കോയ മത്സരരംഗത്ത് തുടരുകയാണ്.

അതുപോലെ സി പി എം മുൻ കൗൺസിലറുടെ ഭർത്താവ് അഷ്റഫും മത്സരരംഗത്തുണ്ട്. വാർഡ് 53ല്‍ സി പി ഐ നേതാവ് എ കെ ജബ്ബാറിനെതിരെ മത്സരരംഗത്തുണ്ടായിരുന്ന സി പി എം ബ്രാഞ്ച് സെക്രട്ടറി ജവാദ് അവസാനനിമിഷം പിന്മാറിയയെങ്കിലും സി പി എം അനുഭാവിയായ മുഹമ്മദ്റാഫി സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.

സി പി എം വിജയിച്ചിരുന്ന രണ്ട് വാർഡുകളും സി പി ഐക്ക് നൽകിയതിലുള്ള പ്രതിഷേധമാണ് മത്സരിക്കാൻ കാരണമെന്ന് ഇവർ പറയുന്നു. യു ഡി എഫിലും വിമത ശല്യമുണ്ട്. വാർഡ് 45ൽ കോൺഗ്രസ്സ് സ്ഥാനാർഥി മിഥിലാജിനെതിരെ നൗഷാദ് മത്സരരംഗത്തുണ്ട്.

Latest