Connect with us

National

ബംഗാളില്‍ ഇന്ന് പുനര്‍ വോട്ടെടുപ്പ്: തൃണമൂല്‍ സ്ഥാനാര്‍ഥി പിന്‍മാറി

തൃണമൂല്‍ പിന്‍മാറിയതോടെ ബി ജെ പി യും സി പി എമ്മും തമ്മിലാണ് നേരിട്ടു മത്സരം. കോണ്‍ഗ്രസ്സിനും സ്ഥാനാര്‍ഥിയുണ്ട്

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉപതിരഞ്ഞെടുപ്പിലെ മത്സരത്തില്‍ നിന്നു പിന്‍മാറി. ഇന്നു റീപോളിംഗ് നടക്കുന്ന ഫല്‍ത നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗിര്‍ ഖാന്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം പൂര്‍ണമായി തകര്‍ന്നു എന്നാണ് വ്യക്തമാവുന്നത്. തൃണമൂല്‍ പിന്‍മാറിയതോടെ ബി ജെ പി യും സി പി എമ്മും തമ്മിലാണ് നേരിട്ടു മത്സരം.

പുനര്‍ വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ പിന്‍മാറാനുള്ള സ്ഥാനാര്‍ത്ഥിയുടെ തീരുമാനം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ഇതോടെ നിലവില്‍ മത്സരം ബി ജെ പിയുടെ ദേബാങ്ഷു പാണ്ഡ, സി പി എമ്മിന്റെ ശംഭു നാഥ് കുര്‍മി എന്നിവര്‍ തമ്മിലാണ്. കോണ്‍ഗ്രസിന്റെ അബ്ദുള്‍ റസാഖ് മൊല്ലയും രംഗത്തുണ്ട്. ഏപ്രില്‍ 29ന് നടന്ന തെരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടുകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അസാധുവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 285 ബൂത്തുകളിലും സമ്പൂര്‍ണ പുനര്‍വോട്ടെടുപ്പ് നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. വോട്ടെണ്ണല്‍ ഈ മാസം 24ന് നടക്കും.

 

Latest