Connect with us

From the print

അറബിക്കടലിലെ കൂന്തലുകളിലുള്ളത് വിചിത്ര പ്രത്യുത്പാദന രീതികൾ; വെളിപ്പെടുത്തി സി എം എഫ് ആർ ഐ പഠനം

കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ

Published

|

Last Updated

കൊച്ചി | കേരള തീരത്തോട് ചേർന്ന്് വ്യാപകമായി കാണപ്പെടുന്ന കൂന്തലുകളുടെ (ഇന്ത്യൻ സ്‌ക്വിഡ്- യുറോറ്റിയൂത്തിയസ് ഡുവോസെലി) വിചിത്രവും സങ്കീർണവുമായ പ്രത്യുത്പാദന രീതികൾ വെളിപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആർ ഐ). കൂട്ടത്തോടെയും കുറഞ്ഞ പ്രായത്തിലുമുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒരേ സമയം ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ, ബീജസംഭരണം എന്നിവയുൾപ്പെടെ സവിശേഷതകൾ ഈ കൂന്തലുകൾക്കുള്ളതായി കണ്ടെത്തി.

സി എം എഫ് ആർ ഐ യിലെ ഷെൽ ഫിഷ് ഫിഷറീസ് ഡിവിഷനിലെ ഡോ. ഗീത ശശികുമാർ, ഡോ. കെ കെ സജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. കൊച്ചി തീരത്തോട് ചേർന്നുള്ള മേഖലയിൽ നിന്ന് ശേഖരിച്ച കൂന്തലുകളിലാണ് പഠനം ന ടത്തിയത്. വർഷത്തിൽ എല്ലാ മാസവും ഇണ ചേരുമെങ്കിലും ഒക്ടോബറിലാണ് കൂടുതൽ. ആറ് മാസം ആയുസ്സുള്ള ഇവ മൂന്ന് മാസം മുതൽ ഇണ ചേരാൻ തുടങ്ങും. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 232 പെൺകൂന്തലുകളിൽ 40 ശതമാനത്തിന്റെയും ശരീരത്തിൽ ബീജനിക്ഷേപം കണ്ടെത്തി. മിക്കവയിലും ഉയർന്ന തോതിലുള്ള ബീജനിക്ഷേപമുള്ളതിനാൽ മുട്ടയിടുന്നതിന് മുന്പ് ഇവ ഒന്നിലധികം ആൺകൂന്തലുകളുമായി ഇണ ചേരുന്നെന്ന് വ്യക്തമായി.

മാത്രമല്ല, ഇത്തരം ബീജനിക്ഷേപം ആൺകൂന്തലുകളുടെ ശരീരത്തിലും കണ്ടെത്തിയതോടെ ഇവ സ്വവർഗ ഇണചേരൽ നടത്തുന്നതായും തെളിഞ്ഞു. മുമ്പ്, ഇന്ത്യക്ക് പുറത്ത് ആഴക്കടൽ കൂന്തലുകളിൽ ഇത്തരം സ്വവർഗ ലൈംഗിക പെരുമാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിലെ വെളിച്ചമില്ലായ്മയാകാം ഇതിന് കാരണമാകുന്നതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ നിഗമനം.

സമാനമായ പെരുമാറ്റം ഡോൾഫിനുകളിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, തീരക്കടൽ കൂന്തൽ ഇനത്തിൽ ഇത്തരം പെരുമാറ്റം കണ്ടെത്തുന്നത് ഇതാദ്യമായാണ്. രാജ്യാന്തര ശാസ്ത്ര ജേണലായ “ജേണൽ ഓഫ് നാച്ച്വറൽ ഹിസ്റ്ററി’യിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂന്തൽ പ്രജനന ചക്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരാൻ ഇവയുടെ പെരുമാറ്റത്തെയും ശരീരശാസ്ത്രത്തെയും കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും സി എം എഫ് ആർ ഐ ഗവേഷകർ പറഞ്ഞു.

Latest