Ongoing News
ചെന്നൈ റണ്‍മലയിലേക്ക് ആര്‍ സി ബി കുതിച്ചു; ലക്ഷ്യത്തിനരികെ ഇടറിവീണു
അന്തിമ ഓവറുകളില്‍ വിജയ പ്രതീക്ഷ കാഴ്ചവച്ച ശേഷമായിരുന്നു ആര്‍ സി ബിയുടെ പതനം.

ബെംഗളൂരു | ചെന്നൈ സൂപ്പര്‍ കിങ്‌സ് പടുത്തുയര്‍ത്തിയ റണ്‍മല കയറാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും എട്ട് റണ്‍ അകലെ ഇടറിവീണു. ചെന്നൈ മുന്നോട്ടു വച്ച 226ലേക്ക് ആര്‍ സി ബി വീരോചിതമായാണ് ബാറ്റേന്തിയത്. എന്നാല്‍, എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന സ്‌കോറില്‍ അവര്‍ അടിയറവ് പറയുകയായിരുന്നു. അന്തിമ ഓവറുകളില്‍ വിജയ പ്രതീക്ഷ കാഴ്ചവച്ച ശേഷമായിരുന്നു ആര്‍ സി ബിയുടെ പതനം.
36 പന്തില്‍ 76ലേക്ക് പറന്നെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും 33ല്‍ 62 അടിച്ചെടുത്ത ഡുപ്ലെസിയുടെയും തകര്‍പ്പന്‍ ബാറ്റിങാണ് ചെന്നൈ ഉയര്‍ത്തിയ വലിയ ലക്ഷ്യത്തിലേക്ക് ബാംഗ്ലൂരിനെ അടുപ്പിച്ചത്. ദിനേഷ് കാര്‍ത്തിക്കും (14ല്‍ 28) മികച്ച പ്രകടനം നടത്തി. ചെന്നൈക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മതീഷ പതിരണ 42 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മോയിന്‍ അലിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ, ഡെവണ്‍ കോണ്‍വേയും (45ല്‍ 83) ശിവം ദുബെയും (27ല്‍ 52) നടത്തിയ വെടിക്കെട്ടാണ് ചെന്നൈക്ക് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. അജിങ്ക്യ രഹാനെയും മോശമാക്കിയില്ല- 20 പന്തില്‍ 37.