Connect with us

Business

മൂന്ന് ബേങ്കുകള്‍ക്ക് കോടികള്‍ പിഴ ചുമത്തി ആര്‍ബിഐ

യൂണിയന്‍ ബോങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബേങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴയിട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി| റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) നിര്‍ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ബേങ്കുകള്‍ക്ക് കോടികള്‍ പിഴ ചുമത്തി. യൂണിയന്‍ ബോങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബേങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴയിട്ടത്. യൂണിയന്‍ ബേങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയാണ് പിഴയായി നല്‍കേണ്ടത്. വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച റിസര്‍വ് ബേങ്ക് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് പിഴ.

സ്വകാര്യ മേഖലാ ബേങ്കുകളിലെ ഓഹരികള്‍ അല്ലെങ്കില്‍ വോട്ടിംഗ് അവകാശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതി തേടേണ്ട നിയമങ്ങള്‍ പാലിക്കാത്തതിനാണ് ആര്‍ബിഎല്‍ ബേങ്കിന് പിഴ ചുമത്തിയത്. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്‍ബിഎഫ്‌സികളിലെ ഇടപാടുകള്‍ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് പിഴ ചുമത്തിയതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറയുന്നു.

പിഴ ഈടാക്കിയ എല്ലാ കേസുകളും ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ്. സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. അതേസമയം, അഹമ്മദാബാദിലെ സുവികാസ് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബേങ്ക് ലിമിറ്റഡിനെ അഹമ്മദാബാദിലെ കലുപൂര്‍ കൊമേഴ്സ്യല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയതായും സെന്‍ട്രല്‍ ബേങ്ക് അറിയിച്ചു. ഒക്ടോബര്‍ 16 മുതല്‍ പദ്ധതി നിലവില്‍ വരും.

 

 

Latest