Connect with us

raveendran pattayam

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ: എതിർപ്പ് പ്രകടിപ്പിച്ച ഇടുക്കി ജില്ലാ സെക്രട്ടറിക്ക് സി പി ഐ നോട്ടീസ് നൽകും

പാർട്ടി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ജില്ലാ ഘടകം രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം/ മൂന്നാർ | മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിൻ്റെ തീരുമാനത്തിതിരെ പരസ്യ പ്രതികരണം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സി പി ഐ സംസ്ഥാന നേതൃത്വം വിശദീകരണം തേടും. ഇതുസംബന്ധിച്ച് അദ്ദേഹത്തിന് നോട്ടീസ് നൽകും. പാർട്ടി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ജില്ലാ ഘടകം രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മുന്നണി തലത്തിൽ ധാരണയായതിനെ തുടർന്ന് 2019ലെ മന്ത്രിസഭാ യോഗത്തിലാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തതെന്നും ഇപ്പോഴത്തേത് നടപടിക്രമങ്ങൾ പൂർത്തിയായ മുറക്കുള്ള തീരുമാനമാണെന്നും സി പി ഐ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. എല്ലാ പട്ടയങ്ങളും റദ്ദാക്കേണ്ടതില്ലെന്നും വ്യാജ പട്ടയങ്ങൾ കണ്ടെത്തി റദ്ദാക്കുക മാത്രമാണ് ചെയ്യേണ്ടതെന്നുമാണ് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ദീർഘസമയത്തെ പ്രക്രിയകളും നടപടിക്രമങ്ങളും പാലിച്ചാണ് പട്ടയങ്ങൾ അനുവദിച്ചതെന്ന് സി പി ഐ നേതാവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. ഇതിനായി എം എൽ എ അധ്യക്ഷനായി പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. എല്ലാ പാർട്ടിയിലെയും പ്രതിനിധികൾ ഈ സമിതിയിലുണ്ടായിരുന്നു. സമിതിക്ക് മുമ്പാകെയെത്തിയ അപേക്ഷകൾ കർശനമായി പരിശോധിച്ചാണ് പട്ടയങ്ങൾ അനുവദിച്ചതെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. അതേസമയം, അനധികൃത പട്ടയങ്ങള്‍ പരിശോധിച്ച് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കട്ടെ. അതിൽ പ്രശ്നമില്ല. വി എസിന്റെ മൂന്നാര്‍ ഓപറേഷന്‍ തെറ്റാണെന്ന് എല്‍ ഡി എഫ് വിലയിരുത്തിയതാണെന്നും ഇസ്മയിൽ പറഞ്ഞു. റദ്ദാക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്മയിൽ റവന്യൂ മന്ത്രിയായിരുന്ന കാലത്തായിരുന്നു രവീന്ദ്രൻ പട്ടയങ്ങൾ നൽകിയത്.

അതേസമയം, റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും റദ്ദാക്കിയാൽ നിയമക്കുരുക്കിലേക്ക് നയിക്കുമെന്നും പട്ടയങ്ങൾ അനുവദിച്ച ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ പറഞ്ഞു. നിയമപ്രകാരമാണ് പട്ടയങ്ങൾ അനുവദിച്ചത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പട്ടയം റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് ഇടുക്കിയിലെ സി പി എമ്മിനെയും പ്രത്യേകിച്ച് മുൻ മന്ത്രി എം എം മണിയെയും ലക്ഷ്യമിട്ടുള്ളതാണെന്നും രവീന്ദ്രൻ പറഞ്ഞു.

അതിനിടെ, പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയം നല്‍കിയത് ഇടത് സര്‍ക്കാര്‍ തന്നെയാണ്. എം എല്‍ എ അധ്യക്ഷനായ കമ്മിറ്റിയാണ് പട്ടയത്തിന് അനുമതി നല്‍കിയത്. പാര്‍ട്ടി ഓഫീസുകള്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു.

530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കുന്നതിനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് ഉത്തരവിറക്കി. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ ഇ കെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Latest