Connect with us

raveendran pattayam

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കല്‍; പിന്തുണയുമായി സി പി എം, സി പി ഐ സംസ്ഥാന നേതൃത്വങ്ങള്‍

പട്ടയം റദ്ദാക്കിയതിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

|

Last Updated

തിരുവനന്തപുരം | മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനത്തെ പിന്തുണച്ച് സി പി എം, സി പി ഐ സംസ്ഥാന നേതൃത്വങ്ങള്‍. 2019ല്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാന പ്രകാരമാണ് ഉത്തരവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പട്ടയം റദ്ദാക്കിയതിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ സി പി എം, സി പി ഐ നേതൃത്വങ്ങളുടെ ആശങ്ക പരിഹരിക്കും. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം നല്‍കും. രവീന്ദ്രന്‍ പട്ടയങ്ങള്‍ നിയമാനുസൃതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ക്രമവത്കരിക്കുന്നതിന് വേണ്ടിയാണ് പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പട്ടയങ്ങള്‍ റദ്ദാക്കുന്ന തീരുമാനമെടുത്ത പാര്‍ട്ടി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെ പിന്തുണച്ച് സി പി ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. മുന്നണിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സി പി ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം, എതിര്‍പ്പ് പ്രകടിപ്പിച്ച ഇടുക്കി ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വത്തിന് നീരസമുണ്ട്. സി പി ഐ ഇടുക്കി സെക്രട്ടറി കെ കെ ശിവരാമന്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.

Latest