Connect with us

National

ബംഗാളിലെ രാമനവമി അക്രമം; എന്‍ഐഎ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് എന്‍ഐഎയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആരോപിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാളിലെ രാമനവമി അക്രമത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് രാമനവമി ആഘോഷത്തിനിടെ ബംഗാളില്‍ വന്‍ അക്രമങ്ങള്‍ നടന്നത്.

ബിജെപി നേതാവ് സുവേന്ദു അധികാരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണം ബംഗാള്‍ പൊലീസില്‍ നിന്ന് എന്‍ഐഎയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ശേഷം എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നും അതിനാല്‍ എന്‍ഐഎയ്ക്ക് അന്വേഷണം ഏറ്റെടുക്കാമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

എന്നാല്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര സ്ഥാപനമായ എന്‍ഐഎയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. ഇവിടെ അന്വേഷണം നടന്നാല്‍ പിടിക്കപ്പെടുമെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

ജാഥയ്ക്കിടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബിജെപി ശ്രമിച്ചെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണ്ടകളെ ബി.ജെ.പി വാടകക്കെടുത്തെന്നും പറഞ്ഞു.