Connect with us

Kerala

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍; 2018 അല്ലെന്ന് തിരുത്തി സോഷ്യല്‍ മീഡിയ

വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് പിന്‍വലിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം.

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട്. മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായുമാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ നിലവില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പ്രളയസാഹചര്യം ഇല്ല. ഇതോടെയാണ് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനവും ട്രോളും ഉയര്‍ന്നത്.
2018 സിനിമ കണ്ടിട്ടാണോ പോസ്റ്റ് ഇട്ടതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരിഹസിച്ചു. പേര് പരാമര്‍ശിക്കാതെയാണ് ആര്യയുടെ പരിഹാസം.
‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ…’ ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഇപ്പോള്‍ കണ്ടത് 2018 സിനിമയാണെന്ന് രാജീവ് ചന്ദ്രശേഖറിനെ പേരെടുത്ത് വിമര്‍ശിക്കാതെ മന്ത്രി വി ശിവന്‍കുട്ടിയും പരിഹസിച്ചു.

ഇപ്പോള്‍ കണ്ടത് ‘2018’ സിനിമയാണ്…
തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..! വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് പിന്‍വലിച്ചു.