Ongoing News
രാജസ്ഥാനെ ചുരുട്ടിക്കൂട്ടി; ആധികാരിക ജയവുമായി ഗുജറാത്ത്
37 പന്തുകള്‍ അവശേഷിക്കെ, ഒമ്പത് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

ജയ്പുര്‍ | ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആധികാരിക വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഒമ്പത് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 37 പന്തുകള്‍ അവശേഷിക്കെയാണ് അവര്‍ രാജസ്ഥാന്‍ ടോട്ടലിനെ മറികടന്നത് എന്നതും ജയത്തിന്റെ തിളക്കം കൂട്ടുന്നതായി. ഗുജറാത്ത് മുന്നോട്ടുവച്ച 119 റണ്‍സ് ലക്ഷ്യത്തിലേക്ക് 13.5 ഓവര്‍ മാത്രം ഉപയോഗിച്ചാണ് രാജസ്ഥാന്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 17.5 ഓവറില്‍ 118 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.
34 പന്തില്‍ 41 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, 15ല്‍ 39ലേക്ക് പറന്ന ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ (35ല്‍ 36) എന്നിവരാണ് ഗുജറാത്തിന് അനായാസ ജയമൊരുക്കിയത്. രാജസ്ഥാന് വീഴ്ത്താനായ ഒരേയൊരു വിക്കറ്റ് യുസ്വേന്ദ്ര ചാഹലിന്റെ വകയായിരുന്നു.
നേരത്തെ, നന്നായി തുടങ്ങിയ ശേഷമായിരുന്നു രാജസ്ഥാന്റെ കൂട്ടത്തകര്‍ച്ച. 20 പന്തില്‍ 30 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ്‍ മാത്രമാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്. സഞ്ജു തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ട്രന്റ് ബോള്‍ട്ട് (15), ജയശ്വി ജയ്സ്വാള്‍ (14), ദേവദത്ത് പടിക്കല്‍ (12) എന്നിവര്‍ക്ക് മാത്രമേ സഞ്ജുവിനെ കൂടാതെ രണ്ടക്കം കാണാനായുള്ളൂ.
രണ്ടാം ഓവറില്‍ ജോസ് ബട്‌ലറെ (എട്ട്) മോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. സഞ്ജുവിനൊപ്പം സ്‌കോര്‍ മുന്നോട്ട് നയിക്കവേ യശസ്വി ജയ്സ്വാള്‍ റണ്ണൗട്ടായി. 5.1 ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 47ലെത്തിയ സമയത്തായിരുന്നു യശസ്വിയുടെ പുറത്താകല്‍. നന്നായി തുടങ്ങിയ സഞ്ജുവിനെ ലിറ്റിലിന്റെ പന്തില്‍ പാണ്ഡ്യ പിടിച്ചു പുറത്താക്കി. പിന്നീട് രാജസ്ഥാന്റെ കൂട്ടത്തകര്‍ച്ചക്കാണ് ജയ്പൂരിലെ സഫായി മാന്‍സിംഗ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
സ്ഥാനക്കയറ്റം കിട്ടിയെത്തിയ ആര്‍ അശ്വിന്റെ കുറ്റി തെറിപ്പിച്ച റാശിദ് ഖാന്‍ റിയാന്‍ പരാഗിനെ (നാല്) വിക്കറ്റിന് മുന്നില്‍ കുരുക്കി. ദേവദത്ത് പടിക്കല്‍ നൂര്‍ അഹ്മദിന്റെ പന്തില്‍ ബൗള്‍ഡായി. ബൗണ്ടറിയടിച്ച് തുടങ്ങിയ ധ്രുവ് ജുറലിന് (ഒമ്പത്) മികവ് നിലനിര്‍ത്താനായില്ല. ഹെറ്റ്മെയറെയും റാശിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ നൂറ് കടക്കില്ലെന്ന അവസ്ഥയിലായി രാജസ്ഥാന്‍. ഈ ഘട്ടത്തില്‍ ട്രെന്റ് ബോള്‍ട്ടും ആദം സാംപയും (ഏഴ്) പിടിച്ചു നിന്നതോടെയാണ് ടീം മൂന്നക്കം കണ്ടത്.
ഗുജറാത്തിനായി റാശിദ് ഖാന്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹ്മദിന് രണ്ട് വിക്കറ്റ് ലഭിച്ചു.