Connect with us

editorial

രാഹുൽ ഗാന്ധിയുടെ ആറ്റംബോംബ്

ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമായ തെളിവ് നിരത്തിയപ്പോൾ ബി ജെ പി കേന്ദ്രങ്ങളിൽ അതുണ്ടാക്കിയ ഞെട്ടൽ കുറച്ചൊന്നുമല്ല. ബി ജെ പിയെയും കേന്ദ്ര സർക്കാറിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വോട്ട് കവർച്ചക്ക് രാഹുൽ ഗാന്ധി നിരത്തിയ തെളിവുകൾ.

Published

|

Last Updated

പരിഹാസം കൊണ്ട് മൂടാനുള്ളയാളല്ല, ശക്തനായ രാഷ്ട്രീയ പ്രതിയോഗിയും കരുത്തനായ പ്രതിപക്ഷ നേതാവുമാണ് രാഹുൽ ഗാന്ധിയെന്ന് ബി ജെ പിക്കും വലതുപക്ഷ മാധ്യമങ്ങൾക്കും ഇപ്പോൾ ബോധ്യപ്പെട്ടിരിക്കണം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളും തിരിമറികളും കള്ളവോട്ടും നടന്നുവെന്ന പരാതിയുമായി നേരത്തേ രാഹുൽ രംഗത്തുവന്നപ്പോൾ, തെളിവെവിടെ എന്ന ചോദ്യവുമായാണ് ബി ജെ പി നേതൃത്വവും തിരഞ്ഞെടുപ്പ് കമ്മീഷനും അതിനെ നേരിട്ടത്. വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഡിജിറ്റൽ ഡാറ്റാ പ്രസന്റേഷൻ സഹിതം വ്യക്തമായ തെളിവ് നിരത്തിയപ്പോൾ ബി ജെ പി കേന്ദ്രങ്ങളിൽ അതുണ്ടാക്കിയ ഞെട്ടൽ കുറച്ചൊന്നുമല്ല. ബി ജെ പിയെയും കേന്ദ്ര സർക്കാറിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വോട്ട് കവർച്ചക്ക് രാഹുൽ ഗാന്ധി നിരത്തിയ തെളിവുകൾ.

ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വ്യാജ വോട്ടർമാർ, വ്യാജ വിലാസങ്ങൾ, വ്യാജ ഫോട്ടോകൾ, പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോറം-6ന്റെ ദുരുപയോഗം തുടങ്ങിയ ക്രമക്കേടുകളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടതെങ്കിലും ആ മണ്ഡലത്തിൽ ഒതുങ്ങുന്നതല്ല അദ്ദേഹം തൊടുത്തുവിട്ട ആയുധമുന. സമീപകാല തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വിജയിച്ച പല മണ്ഡലങ്ങളിലേക്കും അത് നീളും. സുതാര്യമായിരുന്നില്ല രാജ്യത്തിന്റെ പല ഭാഗത്തും തിരഞ്ഞടുപ്പ് പ്രക്രിയ. തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് അനുകൂലമാക്കാൻ കമ്മീഷന്റെ ഒത്താശയോടെ കള്ളക്കളികൾ നടന്നിട്ടുണ്ടെന്ന് നേരത്തേ ഉയർന്ന ആരോപണത്തിനു ഇത് ബലം നൽകുകയും ചെയ്യന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടപ്പിൽ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ബി ജെ പി വിജയിച്ചത് 32,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മഹാദേവപുര ഒഴിച്ചുള്ള മറ്റു ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്സിനായിരുന്നു ലീഡ്. 82,000 വോട്ടിന്റെ ലീഡുണ്ട് ഈ മണ്ഡലങ്ങളിലെല്ലാം കൂടി പാർട്ടിക്ക്. മഹാദേവപുരയിൽ ലഭിച്ച അസാധാരണമായ വോട്ടുകളുടെ ബലത്തിലാണ് ലോക്‌സഭാ മണ്ഡലം ബി ജെ പി പിടിച്ചത്. ഈ ഒരൊറ്റ നിയമസഭാ മണ്ഡലത്തിൽ 1,14,046 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു പാർട്ടിക്ക്. ബി ജെ പി- 2,29,632, കോൺഗ്രസ്സ്- 1,15,586 എന്നിങ്ങനെയായിരുന്നു ഈ മണ്ഡലത്തിലെ വോട്ടിംഗ് നില. ബി ജെ പിയുടെ വോട്ടിംഗ് നിലയിലുണ്ടായ അസാധാരണ ഉയർച്ചയാണ് രാഹുൽ ഗാന്ധി ഈ മണ്ഡലം പഠനവിധേയമാക്കാൻ കാരണം. അദ്ദേഹത്തിന്റെ ശ്രമം വെറുതെയായില്ല. വോട്ടുമോഷണത്തിന്റെയും കള്ളവോട്ടിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി. മഹാദേവപുര മണ്ഡലത്തിൽ പോൾ ചെയ്ത 6.5 ലക്ഷം വോട്ടുകളിൽ 1,00,250 എണ്ണം സാധുവായ വോട്ടുകളല്ലെന്നാണ് രാഹുൽ ഗാന്ധി ഡാറ്റകളുടെ സഹായത്തോടെ തെളിയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, മഹാരാഷ്ട്ര, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ കൃത്രിമം നടന്നതായി രാഹുൽ പറയുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുകയാണുണ്ടായത്. ഇവിടെയും കള്ളവോട്ടും വോട്ട് മോഷണവും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികകൾ തമ്മിൽ വലിയ അന്തരമുണ്ട്. മഹാരാഷ്ട്രയിൽ 40 ലക്ഷത്തോളം ദുരൂഹ വോട്ടർമാരുണ്ട്. അസാധാരണ പോളിംഗാണ് സംസ്ഥാനത്ത് നടന്നത്. വൈകിട്ട് അഞ്ചിന് ശേഷം പോളിംഗ് പലയിടത്തും കുതിച്ചുയർന്നു. ദുരൂഹതയുണ്ട് ഇതിലൊക്കെയും.

ഡാറ്റ നിരത്തി രാഹുൽ ഉയർത്തിയ ആരോപണങ്ങളെ നിഷേധിക്കാനാകാതെ വിയർക്കുകയാണ് ബി ജെ പി. സൈന്യത്തെ കുറിച്ച് രാഹുൽ ഉന്നയിച്ച പരാമർശങ്ങൾ വീണ്ടും എടുത്തിട്ട് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. ആറ് മാസമെടുത്താണ് മഹാദേവപുര മണ്ഡലത്തിലെ വോട്ടർ പട്ടിക രാഹുലും സംഘവും പരിശോധിച്ചത്. ഡിജിറ്റൽ വോട്ടർ പട്ടിക ലഭിച്ചിരുന്നുവെങ്കിൽ മിനിട്ടുകൾക്കകം ദൗത്യം നിർവഹിക്കാനാകുമായിരുന്നു. കോൺഗ്രസ്സ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് നൽകാൻ കമ്മീഷൻ തയ്യാറായില്ല. 45 ദിവസം കഴിഞ്ഞപ്പോൾ സി സി ടി വി ദൃശ്യങ്ങളും നശിപ്പിച്ചു. കള്ളവോട്ടുകൾ കണ്ടെത്താനുള്ള ഉദ്യമത്തിൽ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസ്സഹകരണമെന്നാണ് സംശയിക്ക
പ്പെടുന്നത്.

രാഹുലിന്റെ അന്വേഷണവും വെളിപ്പെടുത്തലുകളും മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ അപാകങ്ങൾ തിരുത്തപ്പെടുമെന്ന് പ്രതീക്ഷയില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂടത്തിന്റെ ചട്ടുകമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ചും. ജുഡീഷ്യറിയിൽ നിന്നുള്ള ഇടപെടലുകളും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും വോട്ടർപട്ടികയും പോളിംഗ് നടപടികളും ചികഞ്ഞു പരിശോധിക്കാൻ പ്രതിപക്ഷം സന്നദ്ധമായേക്കുമെന്ന ആശങ്ക ഭാവിയിൽ ഇത്തരം ക്രമക്കേടുകളിൽ നിന്ന് ഭരണപക്ഷ പാർട്ടികളെ പിന്തിരിപ്പിക്കാൻ സഹായകമായേക്കും. ഭരണപക്ഷത്തിന്റെ എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളിലും മാറ്റം പ്രകടമായേക്കാം. ഇതോടൊപ്പം വിഘടിച്ചു നിന്നിരുന്ന ഇന്ത്യ സഖ്യത്തിൽ ഐക്യം പുനഃസ്ഥാപിക്കാനും 11ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടക്കുന്ന മാർച്ചുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിൽ സമവായം കൊണ്ടുവരാനും രാഹുലിന്റെ ശ്രമങ്ങൾക്ക് സാധിച്ചു.

തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ വോട്ടർപട്ടിക സൂക്ഷ്മ പരിശോധന എന്ന പേരിൽ ഒരു വിഭാഗം വോട്ടർമാരെ അയോഗ്യരാക്കിക്കൊണ്ടിരിക്കുന്ന കമ്മീഷന്റെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും പത്രസമ്മേളനാനന്തരം ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ജനാധിപത്യ വിശ്വാസികൾക്ക് ഇത് പുത്തനുണർവ് നൽകും തീർച്ച. ഇങ്ങനെയാണ് ഒരു നേതാവ് രാജ്യത്തിന്റെ പ്രതീക്ഷയാകുന്നത്.

Latest