Connect with us

Kerala

ലൈബ്രറിയിൽ നിന്ന് ഖുർആനും ബൈബിളും ഒഴിവാക്കി ;കോഴിക്കോട് എൻ ഐ ടിയോട് റിപോർട്ട് തേടി ന്യൂനപക്ഷ കമ്മീഷൻ

തിരുവനന്തപുരത്തെ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപോർട്ട് സമർപ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം| കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ വിവാദ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.
എൻ ഐ ടി ലൈബ്രറിയിൽ നിന്ന് മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുർആൻ, ബൈബിൾ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സ്വീകരിച്ചാണ് കമ്മീഷൻ തുടർ നടപടികളിലേക്ക് കടന്നത്.

ഇത് സംബന്ധിച്ച് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡയറക്ടർ, രജിസ്ട്രാർ, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടർ ജനറൽ എന്നിവരോടാണ് റിപോർട്ട് തേടിയിരിക്കുന്നത്. ഈ മാസം 29ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അൻവർ നാസർ സമർപ്പിച്ച ഹരജിയിലാണ് കമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിൽ കുന്ദമംഗലത്ത് പ്രവർത്തിച്ചുവരുന്ന എൻ ഐ ടി സമീപകാലത്ത് സ്വീകരിച്ചുവരുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്നും നടപടികൾ അംഗീകരിക്കാനാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

Latest