Uae
'ആർട്ടിഫിഷ്യൽ മെമ്മറീസ്' അൽഷിമേഴ്സ് രോഗികൾക്ക് പുതിയ പ്രതീക്ഷ
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുതിയ ചികിത്സ നൽകുക. രോഗിയുടെ ഓർമകൾ ഡിജിറ്റൽ രൂപത്തിൽ പുനർനിർമിച്ച് രോഗിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഓർമപ്പെടുത്താൻ സഹായിക്കുന്നു.
ദുബൈ| അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘ആർട്ടിഫിഷ്യൽ മെമ്മറീസ്’ എന്ന പുതിയ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തുടക്കമായി. മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷന്റെ സഹകരണത്തോടെ യു എ ഇ ഹെൽത്ത് സർവീസസ് ഫൗണ്ടേഷൻ ആണ് അൽ അമൽ മാനസികാരോഗ്യ ആശുപത്രിയിൽ ഈ പദ്ധതിക്ക് തുടക്കമിട്ടത്. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുതിയ ചികിത്സ നൽകുക. രോഗിയുടെ ഓർമകൾ ഡിജിറ്റൽ രൂപത്തിൽ പുനർനിർമിച്ച് രോഗിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഓർമപ്പെടുത്താൻ സഹായിക്കുന്നു. ഇത് രോഗികളുടെ മാനസികവും വൈകാരികവുമായ പ്രതികരണങ്ങൾ വർധിപ്പിക്കും. പ്രാദേശിക സംസ്‌കാരവുമായി യോജിപ്പിക്കാൻ 1950-കളിലെയും 60-കളിലെയും യു എ ഇയുടെ ചരിത്രപരമായ ചിത്രങ്ങൾ ഉപയോഗിച്ച് ആണ് സാങ്കേതികവിദ്യ രൂപപ്പെടുത്തിയിട്ടുള്ളത്.
തുടക്കത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നല്ല ഫലങ്ങളാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോൾ രോഗികൾ കൂടുതൽ വൈകാരികമായി പ്രതികരിക്കുന്നതായി കണ്ടെത്തി. മാനസികാരോഗ്യ ചികിത്സാരംഗത്തെ ഒരു വലിയ മുന്നേറ്റമാണ് ഇതെന്നും പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിനായി നൂതനമായ പദ്ധതികൾക്ക് രൂപം നൽകാനുള്ള യു എ ഇ സർക്കാരിന്റെ കാഴ്ചപ്പാടാണ് ഈ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.


