Kerala
എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പി വി അന്‍വര്‍ ഡി ജി പിയെ കണ്ടു
ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി സംസാരിച്ചത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അന്‍വര്‍

തിരുവനന്തപുരം | എം ആര്‍ അജിത് കുമാറിന് എതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ കണ്ടു.
റിപ്പോര്‍ട്ട് ഇതുവരെ തനിക്ക് നല്‍കിയിട്ടില്ലെന്നും ഇക്കാര്യം ഡി ജി പിയെ നേരിട്ട് അറിയിക്കാനാണ് വന്നതെന്നും അന്‍വര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുകയെന്നത് പരാതിക്കാരനായ തന്റെ അവകാശമാണ്. ഇപ്പോഴും അജിത് കുമാറിന്റെ കയ്യിലാണ് പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അതാണ് റിപ്പോര്‍ട്ട് തനിക്ക് നല്‍കാത്തതിന് കാരണമെന്ന് അന്‍വര്‍ ആരോപിച്ചു.
പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് അന്‍വര്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.
ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്‌ലോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. ജ്യോതി മല്‍ഹോത്ര വിഷയം എന്തുകൊണ്ടാണ് ടൂറിസം വകുപ്പ് മറച്ചുവച്ചതെന്ന് അന്‍വര്‍ ചോദിച്ചു. ചാരക്കേസില്‍ ജ്യോതി അറസ്റ്റിലായപ്പോള്‍ വിവരം ടൂറിസം വകുപ്പ് പുറത്തുപറഞ്ഞില്ലെന്നും അന്‍വര്‍ ആരോപിച്ചു.