Kerala
സൂംബ വിവാദം: അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി
സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും നടപടി പുനപ്പരിശോധിക്കണമെന്നും മാനേജ്‌മെന്റിന് കോടതി നിര്‍ദേശം.

കൊച്ചി | സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും നടപടി പുനപ്പരിശോധിക്കണമെന്നും മാനേജ്‌മെന്റിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചിരുന്നു. മെമ്മോ നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ നടപടിയെടുത്തുവെന്നും അഷ്‌റഫിന്റെ വാദം കേട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്, അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്.