Saudi Arabia
തീവ്രവാദ പ്രവര്‍ത്തനം: സഊദിയില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
സ്വദേശി പൗരനായ മഹ്ദി ബിന്‍ അഹമ്മദ് ബിന്‍ ജാസിം അല്‍ ബസ്‌റൂണിന്റെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം.

റിയാദ് | സഊദിയില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരനായ മഹ്ദി ബിന്‍ അഹമ്മദ് ബിന്‍ ജാസിം അല്‍ ബസ്‌റൂണിന്റെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം, സ്‌ഫോടകവസ്തു നിര്‍മാണം, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെയ്ക്കല്‍, ഭീകര പദ്ധതികള്‍ മറച്ചുവെയ്ക്കല്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, നിരവധി ഭീകര കുറ്റകൃത്യങ്ങള്‍ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
സുരക്ഷാ അധികാരികള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ബന്ധപ്പെട്ട കോടതിയിലേക്ക് റഫര്‍ ചെയ്യുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. പിന്നീട് സുപ്രീം കോടതി ഉത്തരവ് ശരിവെയ്ക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ രാജകീയ ഉത്തരവുണ്ടായത്.