National
ബിഹാറില്‍ അഞ്ചുപേരെ ആള്‍ക്കൂട്ടം ചുട്ടുകൊന്നു; ക്രൂര കൊലപാതകം ദുര്‍മന്ത്രവാദം ആരോപിച്ച്
ദുര്‍മന്ത്രവാദം നടത്തിയതാണ് അടുത്തിടെ ഗ്രാമത്തിലുണ്ടായ ഒരാളുടെ മരണത്തിന് കാരണമായതെന്ന് ആരോപണം.

പട്ന | ബിഹാറില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ബാബുലാല്‍ ഒറോണ്‍, ഭാര്യ സീതാദേവി, മാതാവ് തപ്‌തോ മസോമത്ത്, മകന്‍ മഞ്ജീത്ത് ഒറോണ്‍, മരുമകള്‍ റാണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ദുര്‍മന്ത്രവാദം നടത്തിയതാണ് അടുത്തിടെ ഗ്രാമത്തിലുണ്ടായ ഒരാളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കുടുംബത്തിലെ പതിനാല് വയസ്സുകാരനായ ഒരുകുട്ടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഈ കുട്ടിയാണ് വിവരം പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ 250ഓളം വരുന്ന ആള്‍ക്കൂട്ടം ബാബുലാലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും അകത്തുണ്ടായിരുന്ന അഞ്ചുപേരെ വലിച്ചിഴച്ചു കൊണ്ടുപോയി സമീപത്തെ കുളത്തിനടുത്തുവച്ച് ക്രൂരമായി മര്‍ദിച്ച ശേഷം തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
പ്രദേശവാസിയും പരമ്പരാഗത ചികിത്സകനുമായ രാംദേവ് ഒറോണ്‍ എന്നയാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം മുമ്പായിരുന്നു രാംദേവിന്റെ മകന്റെ മരണം. ഇദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും അസുഖബാധിതനായി ചികിത്സയിലാണ്. കുട്ടികള്‍ക്ക് അസുഖം വരാന്‍ കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്നാണ് അക്രമികളുടെ ആരോപണം.