Kerala
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സഭ നാളെ പിരിയും
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം | നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയായിരിക്കും ഈ സമ്മേളനകാലം.ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിയാണ് ഇത് സംബന്ധച്ച തീരുമാനമെടുത്തത്.
ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുന്‍ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
അതേ സമയം, കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ വധഭീഷണി പരാതി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ഇടതുപക്ഷത്തിന്റെ എംഎല്‍എ ആയിട്ടും വേട്ടയാടുന്നു എന്നായിരുന്നു തോമസ് കെ തോമസിന്റെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ എംഎല്‍എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല. ഒരാള്‍ ഒരു എംഎല്‍എയെ കൊല്ലും എന്ന് ഒരു വര്‍ഷം മുന്‍പ് ഭീഷണിപ്പെടുത്തിയ പരാതിയില്‍ ഒരു നടപടിയും ആയില്ല. അന്ന് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. നാളെ കുട്ടനാട് എംഎല്‍എക്ക് എന്തെങ്കിലും പറ്റിയാല്‍ ആരാകും ഉത്തരവാദിയെന്നും സതീശന്‍ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
അതേസമയം പോലീസിനെ കുറിച്ച് പരാതി ഇല്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പല പ്രശനങ്ങള്‍ ഉണ്ട്. എംഎല്‍എ ആയതു കൊണ്ടാണ് ഡിജിപി ലെവല്‍ അന്വേഷണം ആഗ്രഹിച്ചത്. സ്വയം ആണ് ഡിജിപിക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. പൊലീസിലും സര്‍ക്കാറിലും വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു