National
ബലാത്സംഗക്കേസിലെ പ്രതിയായ പഞ്ചാബ് എം എൽ എ ഓസ്ട്രേലിയയിൽ ഒളിവിൽ; ജാമ്യം ലഭിച്ചാൽ തിരിച്ചുവരാമെന്ന്
ഒളിയിടങ്ങളിൽ റെയ്ഡ് നടത്തിയിട്ടും സനൂർ എം എൽ എയെ കണ്ടെത്താൻ കഴിയാതിരുന്നത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
പട്യാല | ബലാത്സംഗക്കേസിൽ കഴിഞ്ഞ സെപ്റ്റംബർ 2 മുതൽ ഒളിവിലായിരുന്ന ആം ആദ്മി പാർട്ടിയുടെ (എ എ പി) പഞ്ചാബ് എം എൽ എ ഹർമിത് സിംഗ് പഥൻമാജ്റ ഓസ്ട്രേലിയയിലേക്ക് കടന്നതായി സൂചന. ഒരു വീഡിയോ അഭിമുഖത്തിൽ എം എൽ എ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇയാൾ രാജ്യം വിട്ട വിവരം പുറത്തുവന്നത്.
ഒളിയിടങ്ങളിൽ റെയ്ഡ് നടത്തിയിട്ടും സനൂർ എം എൽ എയെ കണ്ടെത്താൻ കഴിയാതിരുന്നത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. പട്യാല പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പഞ്ചാബി വെബ് ചാനലിന് വെള്ളിയാഴ്ച നൽകിയ വീഡിയോ അഭിമുഖത്തിലാണ് പഥൻമാജ്റ പ്രത്യക്ഷപ്പെട്ടത്. ജാമ്യം നേടിയ ശേഷം മാത്രമേ താൻ നാട്ടിലേക്ക് മടങ്ങൂ എന്നും എം എൽ എ അഭിമുഖത്തിൽ പറയുന്നു.
ബലാത്സംഗക്കേസിലെ എല്ലാ ആരോപണങ്ങളും നിഷേധിച്ച പഥൻമാജ്റ, പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ നിശബ്ദമാക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്നും ഇതിന് പിന്നിൽ ഒരു രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. പ്രധാന വിഷയങ്ങളിൽ പഞ്ചാബിലെ മന്ത്രിമാരോടും എം എൽ എമാരോടും കൂടിയാലോചനകൾ നടത്തുന്നില്ലെന്നും, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പഥൻമാജ്റക്കെതിരെ പട്യാല കോടതി പ്രഖ്യാപിത കുറ്റവാളി (Proclaimed Offender) നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി സെപ്റ്റംബർ 1 ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് എ എ പി എം എൽ എക്കെതിരെ കേസെടുത്തത്. താൻ വിവാഹബന്ധം വേർപെടുത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് അടുപ്പം സ്ഥാപിക്കുകയും, പിന്നീട് 2021-ൽ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത എം എൽ എ തുടർച്ചയായി ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ‘അശ്ലീല’ സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്ന സിറാക്പുർ സ്വദേശിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


