Connect with us

Kerala

ഗണഗീതം ആർ എസ് എസ് വേദിയിൽ പാടട്ടെ; ഔദ്യോഗിക വേദിയിൽ അനുവദിക്കില്ല: പ്രതിപക്ഷ നേതാവ്

നവകേരള സർവേ എന്ന പേരിൽ നടക്കുന്നത് സർക്കാർ പണം ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ വെച്ചുകൊണ്ടുള്ള സർവേ ആണെന്ന് വി ഡി സതീശൻ

Published

|

Last Updated

തിരുവനന്തപുരം | വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ആർ എസ് എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് ഗണഗീതം ഒരു കാരണവശാലും ദേശഭക്തിഗാനമല്ലെന്നും ഔദ്യോഗിക ചടങ്ങിൽ പാടാൻ അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഔദ്യോഗിക പരിപാടികൾ ജനങ്ങളുടെ ചെലവിൽ നടക്കുന്നതാണ്. ആർഎസ്എസിന്റെ ഗണഗീതം അവരുടെ പരിപാടികളിൽ പാടുന്നതിന് ആരും എതിരല്ല. എന്നാൽ അത് ഔദ്യോഗിക ചടങ്ങുകളിൽ പാടാൻ പാടില്ല. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ചെയ്താലും അത് തെറ്റാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

കുട്ടികൾ നിഷ്കളങ്കമായി പാടിയതാണ് ഗണഗീതം എന്ന് കരുതാനാവില്ല. ഗണഗീതം റെയിൽവേ എക്സിൽ പോസ്റ്റ് ചെയ്യുകയും, ആക്ഷേപം വന്നപ്പോൾ പിൻവലിക്കുകയും, പിന്നീട് വാശിയോടുകൂടി വീണ്ടും ചേർത്തതും എന്തിനായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നവകേരള സർവേ എന്ന പേരിൽ നടക്കുന്നത് സർക്കാർ പണം ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ വെച്ചുകൊണ്ടുള്ള സർവേ ആണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ക്വാഡ് പ്രവർത്തനമാണ്. ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ വെച്ച് സർവേ നടത്തിയാൽ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും എതിർക്കും. സർക്കാരിൻ്റെ കാര്യത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി സർക്കുലർ അയക്കുന്നതിലെ ഔചിത്യമില്ലായ്മ അദ്ദേഹം ചോദ്യം ചെയ്തു.

കേരളത്തിലെ ആരോഗ്യരംഗം പരിതാപകരമായ അവസ്ഥയിലാണെന്നും ‘ആരോഗ്യ കേരളം’ വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. അട്ടപ്പാടിയിൽ കെട്ടിടം വീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ, ചികിത്സ നൽകാൻ വാഹനം പോലും കിട്ടിയില്ലെന്ന അമ്മയുടെ ആരോപണം ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് അമ്മ പറയുന്നത്. കേരളത്തിൽ അതീവ ദരിദ്രരില്ലെന്ന് പറയുന്നവർ അട്ടപ്പാടിയിൽ പോയി അവിടുത്തെ അവസ്ഥ കാണണമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest