Covid vaccination
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
ഉത്തര്‍പ്രദേശില്‍ ഇതുവരെ 50% വാക്‌സീനാണ് വിതരണം ചെയ്തത്. തിരഞ്ഞെടുപ്പിന് മുമ്പ് നൂറില്‍ എത്തിക്കുകയാണ് ലക്ഷ്യം

ന്യൂഡല്‍ഹി | അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ട്. 2022 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഒന്നാം ഡോസ് വാക്‌സീന്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശമുള്ളത്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മുന്‍ഗണനാ ക്രമം അനുസരിച്ച് ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സീനെങ്കിലും നല്‍കാനാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ രണ്ടാം വാരത്തോടെ 100 കോടി വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം വെക്കുന്നത്.
വെള്ളിയാഴ്ച വരെ 78 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് നല്‍കി. 62 ശതമാനമാണ് വാക്‌സീനേഷന്‍ നിരക്ക്. 20 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കി. വിതരണം ചെയ്ത 87.8 ശതമാനവും കൊവിഷീല്‍ഡ് വാക്‌സീന്‍ ആണ്.
12.11 ശതമാനം പേര്‍ക്കാണ് കൊവാക്‌സീന്‍ നല്‍കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് സ്പുടിനിക്-5 വാക്‌സീനും നല്‍കി.
ഉത്തര്‍പ്രദേശില്‍ ഇതുവരെ 50% വാക്‌സീനാണ് വിതരണം ചെയ്തത്. തിരഞ്ഞെടുപ്പിന് മുമ്പ് നൂറില്‍ എത്തിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ ഇത് ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.