National
പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യ ധാരയിലെത്തിക്കാൻ പദ്ധതികൾ നടപ്പിലാക്കും: മുസ്‍ലിം ജമാഅത്ത് ദേശീയ സമ്മേളനം
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം, ഭക്ഷണം തുടങ്ങി ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലെ അപര്യാപ്ത പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ് പദ്ധതികൾ ഊന്നൽ നൽകുന്നത്.

ന്യൂഡൽഹി | രാജ്യത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മുസ്‍ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലെത്തിക്കുന്നതിനുള്ള അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കുവാൻ മുസ്ലിം ജമാഅത്ത് ദേശീയ പ്രതിനിധി സമ്മേളനം പദ്ധതികളാവിഷ്കരിച്ചു. ഇനിനായി രാജ്യത്തെ മുസ്‍ലിംകളുടെയും മതന്യൂനപക്ഷങ്ങളുടെയും വിദ്യാഭ്യാസ പരവും സാമൂഹികവുമായ മുന്നേറ്റത്തിനുള്ള നൂതന ആശയങ്ങളും പദ്ധതികളും ഉൾക്കൊള്ളുന്ന കരട് രേഖക്ക് സമ്മേളനം രൂപം നൽകി.
ന്യൂ ഡൽഹി ഹംദർദ് യൂണിവേഴ്സിറ്റി കൺവെൻഷൻ സെന്ററിൽ ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ (ഐ.ഇ.ബി.ഐ) യും മുസ്‍ലിം ജമാഅത്തും ചേർന്ന് സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് 108 പേർ സംബന്ധിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം, ഭക്ഷണം തുടങ്ങി ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലെ അപര്യാപ്ത പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ് പദ്ധതികൾ ഊന്നൽ നൽകുന്നത്. പദ്ധതികളുടെ പ്രയോഗവത്ക്കരണത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് സോഷ്യൽ സർവ്വെ സംഘടിപ്പിക്കും. അടിസ്ഥാന വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകും. മുസ്‍ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും.
ഐ ഇ ബി ഐ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകവും കാര്യക്ഷമവുമാക്കും. രാജ്യത്തിന്റെ പൈതൃകവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനുള്ള ബോധവത്ക്കരണം ശക്തമാക്കുവാനും സമ്മേളനം തീരുമാനിച്ചു.
സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിൽ പത്മശ്രീ പ്രൊഫ.അഖ്തറുൽ വാസി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എം.പി ഡോ.ഇല്യാസ് അഅസമി, മൻസൂർ ഹാജി ചെന്നൈ, അബ്ദു റഹ്മാൻ ഹാജി ബനിയാസ് വിശിഷ്ടാതിഥികളായിരുന്നു.
ദേശീയ ചെയർമാൻ ഗുലാം അബ്ദുൽ ഖാദിർ ഹബീബി, സയ്യിദ് ശിഹാബുദ്ദീൻ റസ്‍വി, സി. മുഹമ്മദ് ഫൈസി, റഈസ് മുനവ്വർ നൂരി ഗുജറാത്ത്, പേരോട് അബ്ദുറഹ്മാൻ സഖാഫി, മുഖ്താറുൽ ഇസ്ലാം ആസ്സാം, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, അബ്ദു റശീദ് ബറകാതി മധ്യ പ്രദേശ് , സി പി സൈതലവി മാസ്റ്റർ, ഡോ. സംറുൽ ഹുദ മിസ്ബാഹി ഡൽഹി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. ജാബിർ ശംസ് മിസ്ബാഹി കശ്മീർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ജന. കൺവീനർ ഡോ. അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരിപ്പിച്ചു. മുഫ്തി ഖാലിദ് അയ്യൂബ് മിസ്ബാഹി രാജസ്ഥാൻ, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, എം പി അബ്ദു റഹ്മാൻ ഫൈസി ആത്മീയ മജ്ലിസിന് നേതൃത്വം നൽകി. മൗലാന നൗഷാദ് അസ്‍ലം മിസ്ബാഹി ഒഡീഷ്യ, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, മുസ്തഫ കോഡൂർ, മുഹമ്മദ് ഫാറൂഖ് ഹിമാചൽ പ്രദേശ്, ശൗകത് നഈമി കശ്മീർ, പ്രൊഫ. യു സി അബ്ദുൽ മജീദ്, മജീദ് കക്കാട് അടങ്ങുന്ന പ്രസീഡിയം ചർച്ചകൾ ക്രോഡീകരിച്ചു.
മുഹമ്മദ് പറവൂർ സ്വാഗതവും ആരിഫ് റസാ നഈമി കശ്മീർ നന്ദിയും പറഞ്ഞു.