Connect with us

Ongoing News

പ്രൈം വോളിബോൾ ലീഗ്: അറിയാം എഴ് ടീമുകളെ

Published

|

Last Updated

കൊച്ചി | കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് എന്നിങ്ങനെ ഏഴ് ടീമുകൾ. 23 ദിവസങ്ങളിലായി 24 മത്സരങ്ങൾ…. ഇന്ത്യയെമ്പടുമുള്ള വോളിപ്രേമികളുടെ സിരകളിൽ ആവേശത്തിന്റെ സ്മാഷുകൾ തീർക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന് ഇന്ന് തുടക്കം. വീറുറ്റ പോരാട്ടങ്ങൾക്കായി ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയം ഒരുങ്ങി.

കൊവിഡ് സാഹചര്യത്തിൽ ശക്തമായ ജൈവ സുരക്ഷാ വലയത്തിലാണ് മത്സരങ്ങൾ. ഇന്ന് ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടിൽ ആദ്യ നാലിലെത്തുന്ന ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും. 24നും 25നുമാണ് നോക്കൗട്ട് മത്സരങ്ങൾ.

1. കാലിക്കറ്റ് ഹീറോസ്

ജെറോം വിനീത് (യൂനിവേഴ്‌സൽ), സി അജിത്‌ലാൽ (അറ്റാക്കർ) എന്നീ താരജോടികളായിരിക്കും ടീമിന്റെ തുറുപ്പുചീട്ടുകൾ. അമേരിക്കയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കർ), ഫ്രഞ്ച് താരം ആരോൺ കൂബി (അറ്റാക്കർ) എന്നിവരുടെ പ്രകടനം എതിരാളികൾക്ക് അഗ്നിപരീക്ഷയാകും. അബിൽ കൃഷ്ണൻ, വിശാൽ കൃഷ്ണ, വിഘ്‌നേഷ് രാജ്, ആർ രാമനാഥൻ, അർജുൻനാഥ്, മുജീബ്, ജിതിൻ, ലാൽ സുജൻ, അരുൺ സഖറിയാസ് സിബി, അൻസബ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ. മുൻ ഇന്ത്യൻ താരം കിഷോർ കുമാറാണ് പരിശീലകൻ.

2. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

ഇന്ത്യൻ ദേശീയ ടീമിനെ അവസാന ടൂർണമെന്റിൽ നയിച്ച മിഡിൽ ബ്ലോക്കർ കാർത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റൻ. പരിചയസമ്പന്നനായ മിഡിൽ ബ്ലോക്കർ ദീപേഷ് കുമാർ സിൻഹ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകും. യു എസ് എയിൽ നിന്നുള്ള അറ്റാക്കർമാരായ കോൾട്ടൺ കോവൽ, കോഡി കാൾഡ്‌വെൽ എന്നിവരാണ് വിദേശ സാന്നിധ്യങ്ങൾ. റെയ്‌സൺ ബെനറ്റ് റെബെല്ലോ, സേതു, എറിൻ വർഗീസ്, ദർശൻ എസ് ഗൗഡ, സി വേണു, അഭിനവ്, ദുഷ്യന്ത്, പ്രശാന്ത് കുമാർ സരോഹ, ആഷാം എ, അബ്ദുർറഹീം എന്നിവരും ടീമിനൊപ്പമുണ്ട്.


3. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്

മുത്തുസാമിയെന്ന മികച്ച സെറ്റർ, മിഡിൽ ബ്ലോക്കറായി എൽ എം മനോജ്, അമേരിക്കൻ താരം റയാൻ മീഹാൻ (ബ്ലോക്കർ), അർജന്റീനയിൽ നിന്നുള്ള റോഡ്രിഗോ വില്ലാൽബോവ (അറ്റാക്കർ) എന്നിവരുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്. ഹർദീപ് സിംഗ്, ഷോൺ ടി ജോൺ, എസ് സന്തോഷ്, പ്രഭാകരൻ, സാജു പ്രകാശ് മേയൽ, പ്രസന്ന രാജ, ചൗധരി ഹർഷ്, അംഗമുത്തു എന്നിവരും ടീമിൽ ഉൾപ്പെടുന്നു.


4. ബെംഗളൂരു ടോർപിഡോസ്

പരിചയസമ്പന്നരായ രഞ്ജിത് സിംഗ് (ക്യാപ്റ്റൻ ആൻഡ് സെറ്റർ), പങ്കജ് ശർമ (അറ്റാക്കർ) എന്നിവരാണ് ടീമിന്റെ കുന്തമുനകൾ. അമേരിക്കൻ താരങ്ങളായ നോഹ ടൈറ്റാനോ (യൂനിവേഴ്‌സൽ), കൈൽ ഫ്രണ്ട് (അറ്റാക്കർ) എന്നിവരുടെ പ്രകടനം എതിരാളികൾക്ക് നെഞ്ചിടിപ്പേകും. രോഹിത്, വരുൺ, മിഥുൻ കുമാർ, സാരംഗ് ശാന്തിലാൽ, ലവ്മീത് കടാരിയ, സ്രജൻ യു ഷെട്ടി, രഞ്ജിത് സിംഗ്, വിനായക് റോഖഡെ, ഗണേശ കെ എന്നിവർ മറ്റ് താരങ്ങളാണ്.


5. ഹൈദരാബാദ് ബ്ലാക് ഹോക്‌സ്

പരിചയസമ്പന്നനായ അറ്റാക്കർ അമിത് ഗുലിയക്ക് മികച്ച പിന്തുണ നൽകാൻ, സെറ്റർമാരായ ഹരിഹരൻ വി, വിപുൽ കുമാർ എന്നിവർ ഹൈദരാബാദ് ബ്ലാക് ഹോക്‌സ് ടീമിലുണ്ട്. വെനസ്വേലയിൽ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാൻ (യൂനിവേഴ്‌സൽ), ക്യൂബയിൽ നിന്നുള്ള ഹെൻറി ബെൽ (അറ്റാക്കർ) എന്നീ അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യവും ടീമിനെ കരുത്തുറ്റതാക്കുന്നു. രോഹിത് കുമാർ, ജോർജ് ആന്റണി, ആനന്ദ്, സുധീർ ഷെട്ടി, ജോൺ ജോസഫ്, ജിഷ്ണു, പ്രഫുൽ, ഗുരു പ്രശാന്ത് എന്നിവരും ടീമിലുണ്ട്.


6. ചെന്നൈ ബ്ലിറ്റ്‌സ്

പരിചയ സമ്പന്നരായ ഉക്രപാണ്ഡ്യൻ മോഹൻ (ക്യാപ്റ്റൻ ആൻഡ് സെറ്റർ), ജി എസ് അഖിൻ (മിഡിൽ ബ്ലോക്കർ), നവീൻ രാജ ജേക്കബ് (അറ്റാക്കർ) എന്നിവരുടെ സാന്നിധ്യമാണ് ചെന്നൈ ബ്ലിറ്റ്സിനെ വമ്പന്മാരാക്കുന്നത്. വെനസ്വേലയിൽ നിന്നുള്ള ഫെർണാണ്ടോ ഡേവിഡ് ഗോൺസാലസ് റോഡ്രിഗസ് (അറ്റാക്കർ), യു എസിൽ നിന്നുള്ള ബ്രൂണോ ഡി സിൽവ (അറ്റാക്കർ) എന്നിവരെ ചേർത്ത് ചെന്നൈ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അമിത്, അസ്മത്ത് ഉല്ല, കനകരാജ്, വൈഷ്ണവ്, അഭിലാഷ് ചൗധരി, മോഹിത് ഭീം സെഹ്‌രാവത്, പിനമ്മ പ്രശാന്ത്, അമിത്‌സിൻഹ് കപ്തൻസിൻ തൻവർ, ജോബിൻ വർഗീസ് എന്നിവരാണ് മറ്റ് താരങ്ങൾ.

7. കൊൽക്കത്ത തണ്ടർബോൾട്ട്‌സ്

പരിചയസമ്പന്നരായ താരങ്ങളാണ് കൊൽക്കത്ത തണ്ടർബോൾട്ട്‌സിലുള്ളത്. അശ്വൽ റായ് (ക്യാപ്റ്റൻ ആൻഡ് മിഡിൽ ബ്ലോക്കർ), വിനിത് കുമാർ (യൂനിവേഴ്‌സൽ), അന്താരാഷ്ട്ര താരങ്ങളായ മാത്യു ഓഗസ്റ്റ് (ബ്ലോക്കർ), യു എസിൽ നിന്നുള്ള ഇയാൻ സാറ്റർഫീൽഡ് (യൂനിവേഴ്‌സൽ) എന്നിവരാണ് കരുത്തർ. ഇവർക്കൊപ്പം അനു ജെയിംസ്, തരുൺ ഗൗഡ കെ, മുഹമ്മദ് റിയാസുദ്ദീൻ, രാഹുൽ കെ, ഹരിപ്രസാദ് ബി എസ്, മുഹമ്മദ് ശഫീഖ്, അരവിന്ദൻ എസ്, ജൻഷാദ് യു എന്നിവരും അണിനിരക്കുന്ന ടീം സെറ്റാണ്.
സോണി ടെൻ 1, സോണി ടെൻ 2 (മലയാളം), സോണി ടെൻ 3 (ഹിന്ദി), സോണി ടെൻ 4 (തമിഴ്, തെലുങ്ക്) എന്നിവയിൽ മത്സരങ്ങൾ തത്സമയം കാണാം.

Latest