Kerala
കോഴിക്കോട് മെഡി. കോളജില്‍ മരിച്ച നാലുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാഷ്വാലിറ്റിയിലെ പുക കാരണമല്ല നാലുരോഗികള്‍ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുകയെതുടര്‍ന്ന് മാറ്റുന്നതിനിടെ മരിച്ച നാലു പേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. രോഗികളുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നസീറ (44),ഗോപാലന്‍ (55),ഗംഗ (34), ഗംഗാധരന്‍ (70) എന്നിവരാണ് അപകടസമയത്ത് മാറ്റുന്നതിനിടെ മരിച്ചത്. വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.
ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടുക്കുന്ന സംഭവമുണ്ടായത്. യുപിഎസ് റൂമില്‍ ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടരുകയായിരുന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം ഉടന്‍ പുറത്തെത്തിക്കുകയും മെഡിക്കല്‍ കോളജിലെ മറ്റു വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റി.
അതേസമയം, കാഷ്വാലിറ്റിയിലെ പുക കാരണമല്ല നാലുരോഗികള്‍ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ കാന്‍സര്‍ രോഗികളും ഒരാള്‍ കരള്‍ രോഗിയുമായിരുന്നു. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണകാരണം ഈ സംഭവവുമായി ബന്ധമില്ലെന്നും ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും തള്ളുകയാണ് മരിച്ചവരുടെ കുടുംബം.