Pathanamthitta
പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങുന്നു
നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ബി അനിലിന്റെ നേതൃത്വത്തില്‍ 30 അംഗ സംഘം ഇന്നു മുതല്‍ 15 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാവും ബോധവല്‍ക്കരണ പരിശീലനപരിപാടികള്‍ നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

പത്തനംതിട്ട | സ്‌കൂളുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണക്ലാസുകള്‍ക്കായി പ്രത്യേകസംഘം രൂപീകരിച്ചു. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ബി അനിലിന്റെ നേതൃത്വത്തില്‍ 30 അംഗ സംഘം ഇന്നു മുതല്‍ 15 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാവും ബോധവല്‍ക്കരണ പരിശീലനപരിപാടികള്‍ നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഇനത്തില്‍പ്പെട്ടതും, മറ്റ് ലഹരികളുടെ വിഭാഗത്തില്‍ വരുന്നതുമായ വസ്തുക്കള്‍ക്കെതിരായ ബോധവല്‍ക്കരണപരിപാടി ജില്ലയിലെ 9 പോലീസ് ഇന്‍സ്‌പെക്ടര്‍മാരും ഒരു എസ് ഐയും കൈകാര്യം ചെയ്യും.
ആറന്മുള അടൂര്‍ പന്തളം കൂടല്‍ ചിറ്റാര്‍ തിരുവല്ല കീഴ്വായ്പ്പൂര്‍ പെരുനാട് വെച്ചൂച്ചിറ എന്നിവടങ്ങളിലെ ഇന്‍സ്‌പെക്ടര്‍മാരും, പത്തനംതിട്ട എസ് ഐ സുബ്രഹ്മാണ്യനുമാണ് ചുമതല.
പോക്സോ നിയമബോധവത്കരണക്ലാസുകള്‍ വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ കെ ആര്‍ ഷെമിമോളും ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ ധന്യയും കൈകാര്യം ചെയ്യും. വനിതാ സെല്‍ എസ് ഐ ഐ വി ആഷ, ഡിസിപി എച്ച് ക്യൂ എസ് ഐ ജി സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് സ്വയം പ്രതിരോധപരിശീലനപരിപാടിയുടെ ചുമതല. ലഹരിക്കെതിരായ ക്ലാസുകള്‍ ജില്ലാ നര്‍കോട്ടിക് സെല്‍ എസ് ഐ മുജീബ് റഹ്മാന്‍, ഡാന്‍സാഫ് എസ് ഐ അജികുമാര്‍, ഡി എച്ച് ക്യൂ എ എസ് ഐ ജയചന്ദ്രന്‍ എന്നിവര്‍ നയിക്കും. പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചുള്ള സ്വയംപ്രതിരോധമുറകള്‍ അഭ്യസിപ്പിക്കുന്നത് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള സെല്‍ഫ് ഡിഫെന്‍സ് ടീം അംഗങ്ങളായ പ്രിയലക്ഷ്മി, നീതു, രശ്മി, നീന, അശ്വതി, ആര്യ, ആതിരാ കൃഷ്ണ, ആദിത്യദീപം, വിനീത, ശ്രീജ ഗോപിനാഥ്, ജസ്ന, ശരണ്യ എന്നിവരാണ്.