Connect with us

National

തമിഴ്‌നാട്ടില്‍ പോലീസ് ഏറ്റുമുട്ടല്‍; രണ്ട് ഗുണ്ടകള്‍ വെടിയേറ്റ് മരിച്ചു

കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണന്‍, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ പോലീസ് ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ മരിച്ചു. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പോലീസ് നടത്തിയ വെടിവെ പ്പില്‍ കൊലക്കേസ് പ്രതികളാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണന്‍, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. പടിയനല്ലൂര്‍ മുന്‍ പഞ്ചായത്ത് കൗണ്‍സില്‍ പ്രസിഡന്റിന്റെ കൊലപാതകം, നെല്ലൂരിലെ മുന്‍ പഞ്ചായത്ത് കൗണ്‍സില്‍ പ്രസിഡന്റിന്റെ കൊലപാതകം എന്നിവയുള്‍പ്പെടെ 7 കൊലപാതക കേസുകളില്‍ മുത്തു ശരവണനെ പോലീസ് തിരയുകയായിരുന്നു.

പരിയനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര്‍ അറസ്റ്റിലായെങ്കിലും മുഖ്യപ്രതി മുത്തു ശരവണന്‍ ഒളിവിലായിരുന്നു. ഇയാള്‍ എവിടെയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആവഡി പോലീസ് സ്ഥലത്തെത്തി. ചോളവാരം വണ്ടല്ലൂര്‍ പാര്‍ക്കിന് സമീപം പുത്തൂരിലും മാറമ്പുടിയിലും ഗുണ്ടകള്‍ പതിയിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ വളഞ്ഞത്.

പോലീസ് എത്തിയതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ മുത്തു ശരവണന്‍ മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. സ്വയരക്ഷയ്ക്കായാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൂട്ടാളി സതീഷിനു നേരെയും പോലീസ് വെടിയുതിര്‍ത്തു. ശരവണന്‍ സംഭവസ്ഥലത്തുവെച്ചും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സതീഷ് ആശുപത്രിയിലും മരിച്ചു.

മുത്തു ശരവണന്റെയും സതീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനിരയായ പോലീസുകാര്‍ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Latest