National
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് തുടക്കം
ആസിയാന്‍, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ക്വാഡ് യോഗവും മോദിയുടെ അജണ്ടയിലുണ്ട്.
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് തുടക്കം. ആസിയാന്‍, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ക്വാഡ് യോഗവും മോദിയുടെ അജണ്ടയിലുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക, ആഗോള വിഷയങ്ങളിലെ സഹകരണം എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യ ചര്‍ച്ചകളെ സമീപിക്കുക.
ഫിലിപ്പീന് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ മോദി ഇന്നലെ പങ്കെടുത്തിരുന്നു. പരമ്പരാഗത ഫിലിപ്പിനോ ബറോംഗ് ടാഗലോഗ് ധരിച്ച് രാമായണ പ്രകടനത്തിനും മോദി സാക്ഷ്യം വഹിച്ചു.
ഇന്ത്യ, അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു തന്ത്രപ്രധാന കൂട്ടായ്മയാണ് ക്വാഡ്. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംഭവിച്ച സുനാമിക്ക് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഈ നാല് രാജ്യങ്ങള്‍ ആദ്യമായി ഒന്നിച്ചത്. പിന്നീട് 2007-ല്‍ ജപ്പാന് പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെയാണ് ക്വാഡിന് രൂപം നല്‍കിയത്.
ഇടക്കാലത്ത് കൂട്ടായ്മ നിര്‍ജീവമായെങ്കിലും 2017-ല്‍ വീണ്ടും സജീവമായി. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ, ചരക്ക് ഗതാഗത സ്വാതന്ത്ര്യം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, സാമ്പത്തിക സഹകരണം എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ക്വാഡ് കൂട്ടായ്മയില്‍ അംഗമല്ലാത്ത ഒരു രാജ്യത്ത് ആദ്യമായാണ് ക്വാഡ് ഉച്ചകോടി ഇപ്രാവശ്യം സംഘടിപ്പിക്കുന്നത്.
Content Highlights: Prime Minister Narendra Modi has begun a two-day visit to the Philippines for the ASEAN, East Asia, and Quad summits. He attended a dinner hosted by President Ferdinand Marcos Jr wearing a traditional Barong Tagalog. Discussions will focus on Indo-Pacific maritime security and regional cooperation.


