Uae
പ്ലാസ്റ്റിക് ബാഗ് നിരോധനം; ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ പര്യടനം
പശ്ചിമേഷ്യയില്‍ ആദ്യമായി അബൂദബി നഗരത്തിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ നിരോധിക്കുന്നത്.

അബൂദബി | ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് അബൂദബി എമിറേറ്റില്‍ നിരോധനം നടപ്പാക്കിയതോടെ അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ ദഹേരിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഹരിത പദ്ധതി എങ്ങനെ നടപ്പാക്കുന്നുവെന്ന് വിലയിരുത്താന്‍ എമിറേറ്റിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ പര്യടനം നടത്തി. പശ്ചിമേഷ്യയില്‍ ആദ്യമായി അബൂദബി നഗരത്തിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ നിരോധിക്കുന്നത്. ലുലു, സ്പിന്നീസ്, കാരിഫോര്‍, അബൂദബി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
ഇനിമുതല്‍ അബൂദബി എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ലഭ്യമാകില്ല. പകരം പുനരുപയോഗ ബാഗുകള്‍ ലഭിക്കും. എന്നാല്‍ ഇത്തരം ബാഗുകള്‍ക്ക് പണം നല്‍കേണ്ടി വരും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പാക്കിയത് എമിറേറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണെന്ന് ഡോ. അല്‍ ദഹേരി പറഞ്ഞു. ഹരിത പദ്ധതി നടപ്പാക്കുന്നതിനായി മുന്നോട്ട് വന്ന എല്ലാ ചില്ലറ വ്യാപാരികളോടും നന്ദി പറയുന്നു.
പരിസ്ഥിതി സംരക്ഷണത്തിനാണ് നയം കൊണ്ടുവന്നത്. ഉപഭോക്താക്കള്‍ക്ക് പലചരക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നഗരത്തിലെ എല്ലാ ചില്ലറ വ്യാപാരികളും നിരോധനം പാലിക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതും വളരെ പ്രോത്സാഹജനകമായാണെന്നും അവര്‍ പറഞ്ഞു. അബൂദബി മുശ്രിഫ് മാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശൈഖ അല്‍ ദഹേരി. അബൂദബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സലേം അല്‍ ദഹേരി, അബൂദബി ബിസിനസ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് മുനിഫ് അല്‍ മന്‍സൂരി, സാമ്പത്തിക വികസന വകുപ്പ് (ഡി ഇ ഡി) മോണിറ്ററിംഗ് ആന്‍ഡ് ഇന്സ്പെക്ഷന് വിഭാഗം ഡയറക്ടര്‍ അഹമ്മദ് താരിഷ് അല്‍ ഖുബൈസി, അബൂദബി അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റിയുടെ പ്രവര്‍ത്തന കാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മറിയം ഹരേബ് അല്‍ സുവൈദി എന്നിവരാണ് പരിശോധന നടത്തിയത്.
ചില്ലറ വ്യാപാരികളുടെ സഹകരണം അബൂദബിയിലെ എല്ലാ താമസക്കാര്‍ക്കും സുസ്ഥിരമായ ജീവിതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ തങ്ങളെ അനുവദിക്കുമെന്നും അല്‍ ദഹേരി വ്യക്തമാക്കി. അബൂദബി മുശ്രിഫ് മാള്‍ ലുലു വില്‍ സി ഇ ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് റീട്ടെയില്‍ ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകുന്നത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കാന്‍ ശ്രമിക്കുമെന്ന് സൈഫി രൂപാവാല വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ നിരോധിച്ചതോടെ അമ്പത് ഫില്‍സ് മുതല്‍ 7.50 ദിര്‍ഹം വരെ വിലയുള്ള പുനരുപയോഗ ബാഗുകള്‍ അബൂദബിയിലെ വിവിധ ലുലുവില്‍ ലഭ്യമാണ്.