Kerala
ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഉദ്യോഗസ്ഥന്‍ മരിച്ചു
അപകടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ വാഹനം പൂര്‍ണമായും തകര്‍ന്നു
പത്തനംതിട്ട | ശബരിമല പ്രത്യേക ഡ്യൂട്ടിക്കിടെ തുലാപ്പള്ളിയില്‍ ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ എസ് ആര്‍(39) ആണ് മരിച്ചത്. കൊല്ലം ആയൂര്‍ സ്വദേശിയാണ്. അപകടത്തില്‍ അഗ്്നിശമന സേനാ ഉദ്യോഗസ്ഥരായ അഭിലാഷ് വി ആര്‍, അഭിലാഷ് ആലപ്പുഴ, രാംലാല്‍ ആര്‍, ജോബിന്‍ വര്‍ഗീസ്, ഹാഷിം കെ ബി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പാലാ മാര്‍ സ്ളീബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല-എരുമേലി പാതയില്‍ തുലാപ്പള്ളി ആലപ്പാട് ജങ്ഷനില്‍ വെച്ചായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തില്‍ ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിയുകയയിരുന്നു. അപകടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ വാഹനം പൂര്‍ണമായും തകര്‍ന്നു. കൂടാതെ കണമലയിലെ ഫോറസ്റ്റ് വകുപ്പിന്റെയും വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയര്‍ഫോഴ്സ് വാഹനം ഇടിച്ചു. അപകടസമയത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ആളുകളില്ലാതിരുന്നതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
Content Highlights: A fire and rescue officer died and five others sustained injuries when their vehicle overturned at Tulappally in Pathanamthitta during Sabarimala duty. The deceased was identified as Renjith Kumar from Ayoor. The out-of-control vehicle crashed into parked cars on a steep descent before flipping over.





