Kerala
വന്യജീവികള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത് തടയാനായി പ്രഖ്യാപിച്ച 10 മിഷനുകള്‍ ഉടന്‍ നടപ്പിലാക്കണം : മനുഷ്യാവകാശ കമ്മീഷന്‍
ജനവാസ മേഖലയെ വേര്‍തിരിക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വേലികള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം
പത്തനംതിട്ട | വന്യജീവികള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടയുന്നതിന് 2025 ഫെബ്രുവരി 23 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 മിഷനുകള്‍ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
ജനവാസ മേഖലയെ വേര്‍തിരിക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വേലികള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. സൗരോര്‍ജ്ജ വേലികള്‍ നിര്‍മ്മിച്ചിട്ടില്ലാത്ത വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തണമെന്നും കമ്മീഷന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി,
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ (ഭരണം) നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 273 പഞ്ചായത്തുകള്‍ വന്യജീവി സംഘര്‍ഷ ബാധിതമാണ്. ഇതില്‍ 30 പഞ്ചായത്തുകളില്‍ സംഘര്‍ഷം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഏറ്റവുമധികം മനുഷ്യ-വന്യജീവി സംഘര്‍ഷം അനുഭവപ്പെടുന്ന വയനാട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. സംഘര്‍ഷത്തില്‍ ധനസഹായം അനുവദിക്കുന്നതിനും മാനദണ്ഡങ്ങള്‍ പുതുക്കി.
സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ കടന്ന് മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. ചെമ്പന്‍കോട് സി മണികണ്ഠന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Content Highlights: The Human Rights Commission directed the Kerala government to immediately implement the 10 missions announced to tackle human-wildlife conflict. Chairperson Justice Alexander Thomas ordered the Forest Department to ensure proper solar fencing across borders. Currently, 273 panchayats in Kerala are affected by wildlife attacks.





