Connect with us

National

സ്‌പൈസ് ജെറ്റിലെ ശുചിമുറിയില്‍ കുടുങ്ങിയ വിമാനയാത്രികന് വൈദ്യസഹായം ലഭിച്ചില്ലെന്ന് പരാതി

ലാന്‍ഡിംഗിനിടെ തെറിച്ചു വീണ് പരിക്കേറ്റതായും പുറത്തെത്തിച്ച ശേഷം വൈദ്യസഹായം ലഭിച്ചില്ലെന്നും യുവാവ് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| മുംബൈ-ബെംഗളുരു സ്‌പൈസ് ജെറ്റില്‍ യാത്രക്കാരന്‍ ഒരു മണിക്കൂറോളം ശുചിമുറിയില്‍ കുടുങ്ങിയ സംഭവത്തില്‍ യുവാവിന് വൈദ്യസഹായം ലഭിച്ചില്ലെന്ന് പരാതി. കോറമംഗലം നിവാസിയായ ഇയാള്‍ മുംബൈയില്‍ തന്റെ കുടുംബത്തെ കണ്ടശേഷം ബെംഗളുരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ ശുചിമുറിയില്‍ പോയ തനിക്ക് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ലോക്കിന് എന്തോ തകരാര്‍ ഉള്ളതായി മനസ്സിലായെന്നും അപ്പോള്‍ തന്നെ ലോക്ക് തുറക്കാന്‍ ശ്രമിച്ചെന്നും യുവാവ് പറഞ്ഞു.

വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം എയര്‍ഗ്രാഫ്റ്റ് എഞ്ചിനീയര്‍ വിമാനത്തില്‍ കയറി 20 മിനിട്ടെടുത്താണ് വാതില്‍ തകര്‍ത്ത് യുവാവിനെ പുറത്തെത്തിച്ചത്. ലാന്‍ഡിംഗിനിടെ തെറിച്ചു വീണ് പരിക്കേറ്റതായും പുറത്തെത്തിച്ചശേഷം  വൈദ്യസഹായം ലഭിച്ചില്ലെന്നും സോഫ്റ്റ് വെയര്‍ ടെക്കി കൂടിയായ യുവാവ് പറഞ്ഞു. ബി.പി ചെക്കപ്പ് പോലും ഉണ്ടായില്ലെന്നാണ് പറയുന്നത്. ഒരു കുപ്പി വെള്ളവും ക്ഷമാപണവും മാത്രമാണ് ആകെ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

തന്റെ ജീവന്‍ അപകടത്തിലായെന്ന് കാണിച്ച് എയര്‍ലൈനിനെതിരെ കേസ് കൊടുക്കാനും ഡി ജി സി എ യില്‍ പരാതി നല്‍കാനും ശ്രമിച്ച യുവാവിനെ തിരിച്ച് വിളിച്ച് 5000 രൂപയുടെ വൗച്ചര്‍ സ്പൈസ്ജെറ്റ് വാഗ്ദാനം ചെയ്തതായും യുവാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് യുവാവ് സ്വീകരിച്ചിട്ടില്ല. അതേസമയം യുവാവിന് ഉടനടി തന്നെ വൈദ്യസഹായം നല്‍കിയെന്നും യാത്രക്കാരനുണ്ടായ അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നതായും സ്പൈസ്ജെറ്റ് വ്യക്തമാക്കി.

 

 

 

 

Latest