Travelogue
ആത്മീയ മജ്ലിസുകളുടെ പറുദീസ
പസൂരുവാൻ നഗര മധ്യത്തിലെ അഗുങ് അൽ അൻവാർ മസ്ജിദിലായിരുന്നു നിസ്കാരം. അതിവിശാലമായ പള്ളി. മനോഹരമായ ഖുബ്ബ. മസ്ജിദുന്നബവിയിലേത് പോലെ തണൽ വിരിച്ചു നിൽക്കുന്ന കുടകൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ നിർമിക്കപ്പെട്ട ഈ മസ്ജിദിന്റെ ആർക്കിടെക്ചർ പ്രദേശത്തിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതാണ്.

ഈസ്റ്റ് ജാവയിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതരിലൊരാളെ സന്ദർശിക്കാനാണ് ഇനിയുള്ള പ്രയാണം. ഹബീബ് തൗഫീഖ് അസ്സഖാഫ് തങ്ങൾ. സുരബായയിൽ നിന്ന് ഏതാണ്ട് രണ്ട് മണിക്കൂർ സഞ്ചരിക്കാനുണ്ട് അദ്ദേഹത്തിന്റെ നാടായ പോണ്ടോക്കിലേക്ക്. അതിനിടെ നിസ്കാരം, ഭക്ഷണം, കറൻസി വിനിമയം എന്നീ കാര്യങ്ങൾ പൂർത്തീകരിച്ചു. ഇന്തോനേഷ്യൻ പള്ളികളിൽ പ്രത്യേകമായ ഒരു സംവിധാനമുണ്ട്. കാൽപാദങ്ങൾ ശുദ്ധിയാക്കാനുള്ള കൊട്ടത്തളങ്ങളാണത്. അവയിലൂടെ നടന്നു മാത്രമേ പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ. കാല് കഴുകി കയറുന്നതിന് പകരം വെള്ളത്തിലൂടെ നടക്കുന്ന രീതി. എന്തുകൊണ്ടോ അവ വേണ്ടത്ര കാര്യക്ഷമമായ സംവിധാനമായി അനുഭവപ്പെട്ടില്ല. പലയിടങ്ങളിലും കൊട്ടത്തളങ്ങളുടെ വലിപ്പക്കുറവും ആവശ്യത്തിന് വെള്ളമില്ലാത്തതും പ്രയാസം സൃഷ്ടിച്ചു.
പസൂരുവാൻ നഗര മധ്യത്തിലെ അഗുങ് അൽ അൻവാർ മസ്ജിദിലായിരുന്നു നിസ്കാരം. അതിവിശാലമായ പള്ളി. മനോഹരമായ ഖുബ്ബ. മസ്ജിദുന്നബവിയിലേത് പോലെ തണൽ വിരിച്ചു നിൽക്കുന്ന കുടകൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ നിർമിക്കപ്പെട്ട ഈ മസ്ജിദിന്റെ ആർക്കിടെക്ചർ പ്രദേശത്തിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതാണ്. സമീപത്തായി സ്ഥിതി ചെയ്യുന്ന സഖാഫ് തങ്ങന്മാരുടെയും മറ്റു പണ്ഡിതന്മാരുടെയും മഖ്ബറയും അതോടൊപ്പം സിയാറത്ത് ചെയ്തു.
ഹബീബ് തൗഫീഖ് അസ്സഖാഫ് തങ്ങളുടെ സമീപത്ത് എത്തുമ്പോൾ ഏതാണ്ട് മഗ്‌രിബോടടുത്തിട്ടുണ്ട്. ആത്മീയ മജ്്ലിസ് നടക്കുന്ന സമയം. നിറയെ ആളുകളുണ്ട്. ഓൺലൈൻ സംപ്രേഷണവും നടക്കുന്നു. കണ്ടതും തങ്ങളവർകൾ ഹസ്തദാനം നൽകി സ്വീകരിച്ചു, ആശ്ലേഷിച്ചു. ഇന്ത്യൻ സന്ദർശക സംഘം വന്നതിലെ സന്തോഷം വേദിയിലും സദസ്സിലും പ്രകടമാണ്. അതിഥികൾക്ക് സ്വാഗതമോതി വിദ്യാർഥികൾ ആലപിച്ച ഗാനം ആനന്ദം പകർന്നു. ലളിതമായ ജീവിതശൈലിക്ക് ഉടമയാണ് തങ്ങൾ. പ്രകൃതത്തിലും പെരുമാറ്റത്തിലും ആ ലാളിത്യം കാണാം. ഇന്തോനേഷ്യയിലെ പ്രശസ്ത ഇസ്‌ലാമിക സംഘടനയായ റാബിത്വ അലവിയ്യയുടെ സാരഥിയാണ് അദ്ദേഹം. അനേകം സ്ഥാപനങ്ങളുടെ ശിൽപ്പി.
മജ്‌ലിസ് കഴിഞ്ഞ് അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെടാനുള്ള ഉദ്ദേശ്യം അറിയിച്ചപ്പോൾ കാത്തിരിക്കാനായിരുന്നു അഭ്യർഥന. മഗ്‌രിബ് കഴിഞ്ഞ് മറ്റൊരു സദസ്സുണ്ട്. അവിടെയൊന്ന് സംസാരിക്കണം. തൊട്ടടുത്ത് ഹോസ്പിറ്റൽ നിർമാണം പുരോഗമിക്കുന്നുണ്ട്. അവിടം സന്ദർശിക്കണം. സമയം പരിമിതമായിരുന്നുവെങ്കിലും സ്നേഹത്തോടെയുള്ള ആ അഭ്യർഥന നിരസിക്കാനായില്ല. ഹബീബ് തൗഫീഖ് അസ്സഖാഫിനെ അനുഗമിച്ചു. അൽപ്പനേരം ഒരുമിച്ച് യാത്ര ചെയ്തു. പണി നടന്നുകൊണ്ടിരിക്കുന്ന ഒരു മസ്ജിദിന് മുന്നിലാണ് വാഹനം നിർത്തിയത്. അവിടെയാണ് മജ്്ലിസ്. ആയിരത്തോളം പേർ സംബന്ധിക്കുന്ന ആത്മീയ സംഗമം. യമനികളായ ഒരു യാത്രാ സംഘം അവിടെ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്.
പണ്ടുകാലത്ത് നമ്മുടെ നാടുകളിൽ വ്യാപകമായിരുന്നുവല്ലോ ദിക്റ് ഹൽഖകൾ. അവയെ അനുസ്മരിപ്പിക്കുന്ന മജ്‌ലിസ്. സ്രഷ്ടാവിലേക്ക് വിശ്വാസി മാനസങ്ങളെ അടുപ്പിക്കുന്ന, ഭക്തിസാന്ദ്രമായ നിമിഷങ്ങൾ. ഒടുവിൽ തങ്ങളവർകൾ സംസാരിക്കാൻ ക്ഷണിച്ചു. മാതൃഭാഷയിൽ തന്നെ പ്രസംഗിച്ചാൽ മതിയെന്നായിരുന്നു നിർദേശം. അറബിയിൽ സംസാരിച്ചാൽ പ്രത്യേകിച്ച് ആർക്കും മനസ്സിലാകണമെന്നില്ല.
വിവർത്തകനായി സഹയാത്രികൻ ഇയാസ് അലി നൂറാനിയുള്ളത് കാര്യങ്ങൾ എളുപ്പമാക്കി. ഇന്തോനേഷ്യയിൽ പി ജിക്ക് പഠിക്കുകയാണ് നൂറാനി. ആത്മീയ ഒത്തുചേരലുകളുടെ പ്രസക്തിയും ഇന്ത്യാ ഇന്തോനേഷ്യ ബന്ധത്തിന്റെ ചരിത്രവുമെല്ലാം വിശദീകരിച്ച് സദസ്സിനെ അഭിസംബോധനം ചെയ്തു. പ്രാർഥന നിർവഹിച്ചു.
അപ്പോഴേക്കും സദസ്സിൽ ഭക്ഷണമെത്തിയിരുന്നു. യമനി ആടുമന്തി. കൂടാതെ സൂപ്പും മറ്റു ഇനങ്ങളും. നാലാൾക്ക് ഒരുമിച്ച് കഴിക്കാവുന്ന വലിയ പ്ലേറ്റ്. നാവിൽ രുചിയൂറുന്ന വിഭവങ്ങൾ. പരസ്പരം വിശേഷങ്ങൾ പങ്കുവെച്ച്, അങ്ങോട്ടുമിങ്ങോട്ടും പകുത്തു നൽകി ഞങ്ങളവ ആസ്വദിച്ച് കഴിച്ചു.
ഹോസ്പിറ്റൽ സന്ദർശനമായിരുന്നു അടുത്തത്. അത്യാധുനിക സൗകര്യങ്ങളുള്ള അഞ്ചുനില കെട്ടിടം. ബിൽഡിംഗ് സ്ട്രക്ചർ മാത്രമേ പൂർത്തിയായിട്ടുള്ളൂ. വീട്ടിലേക്ക് ഇവിടെനിന്ന് അധിക ദൂരമില്ല. അവിടേക്കും കൂടി വരണമെന്നായി ഹബീബ്. ആ സ്നേഹവിളിക്ക് വഴങ്ങി അവിടേക്ക് നീങ്ങി. ഫലവർഗങ്ങൾ കഴിച്ച്, ആത്മീയ പ്രദേശങ്ങളും ഇജാസതുകളും സ്വീകരിച്ച് ഹബീബിനെ പിരിയുമ്പോൾ രാത്രി രണ്ടക്കത്തിലേക്ക് കടന്നിരുന്നു.