Connect with us

Editorial

ഫലസ്തീൻ: ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല

നിസ്സംഗമായിരിക്കാൻ ഒരു നിമിഷവും ഇനി അവശേഷിക്കുന്നില്ല. ഗസ്സാ സിറ്റിയിൽ ഇപ്പോൾ തുടങ്ങിയ കര, വ്യോമാക്രമണം ഇക്കാലം വരെ ആ ഭൂവിഭാഗം അനുഭവിച്ച വംശഹത്യാ ആക്രമണങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സമ്പൂർണ കീഴടക്കൽ തന്നെയാണ് നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം.

Published

|

Last Updated

ഇസ്‌റാഈൽ രൂപവത്കരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളെ ഫലസ്തീൻ കാഴ്ചപ്പാടിൽ നിന്ന് കാണുന്നതിന് പകരം മധ്യ പൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ വീക്ഷണകോണിൽ നിന്നാണ് കാണേണ്ടതെന്ന് നേരത്തേ തന്നെ നിരീക്ഷിക്കപ്പെട്ട കാര്യമാണ്. അതിപ്പോൾ കൂടുതൽ പ്രസക്തമായിരിക്കുന്നു. ആഭ്യന്തര സമ്മർദങ്ങളും നിയമനടപടികളും മറികടക്കാനാണ് ബെഞ്ചമിൻ നെതന്യാഹു കരാറുകൾക്കൊന്നും വഴങ്ങാതെ ഗസ്സക്ക് മേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന വിലയിരുത്തലാണ് നിരീക്ഷകരെല്ലാം മുന്നോട്ടുവെച്ചിരുന്നത്. എന്നാലിപ്പോൾ അതിനുമപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. വൈറ്റ് ഹൗസിൽ തന്റെ വിശിഷ്ട സുഹൃത്തിരിക്കുമ്പോൾ ഒന്നും അസാധ്യമല്ലെന്ന് പറയുന്ന നെതന്യാഹു ഫലസ്തീനിലാകെ അധിനിവേശം നടത്തുമെന്ന് പ്രഖ്യാപിക്കുകയാണ്. “ദ്വിരാഷ്ട്ര പരിഹാരം നടക്കാത്ത സ്വപ്‌നം മാത്രമാണ്. ഗസ്സയുടെ നിയന്ത്രണം ഹമാസിനോ ഏതെങ്കിലും ഫലസ്തീൻ സംവിധാനത്തിനോ നൽകില്ല. വെസ്റ്റ് ബാങ്കിലേക്ക് പടരാനുള്ള ജൂത അവകാശം തടയാൻ ആർക്കും സാധ്യമല്ല. ഹമാസ് നേതാക്കൾ ഏത് രാജ്യത്ത് പോയാലും അവിടെ ചെന്ന് വകവരുത്തും’…. എന്നിങ്ങനെ നെതന്യാഹുവും കൂട്ടരും ഈയിടെ നടത്തിയ ആക്രോശങ്ങളെല്ലാം ഫലസ്തീൻ ജനതയുടെ ജീവിക്കാനുള്ള സ്വാഭാവിക അവകാശത്തിന് മേലുള്ള കടന്നാക്രമണമാണ്. മേഖലയിലാകെ അശാന്തിയും അസ്ഥിരതയും വിതക്കാനാണ് പുറപ്പാടെന്നും അത് വ്യക്തമാക്കുന്നു. ദോഹയിൽ നടത്തിയ ആക്രമണം ഇതിന്റെ തുടക്കമാണ്.

കരയാക്രമണത്തിന് പിന്നാലെ ഗസ്സാ സിറ്റിയിൽ ഇസ്റാഈൽ സൈന്യത്തിന്റെ ബോംബ് വർഷം തുടങ്ങിയതോടെ അവിടെ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. രണ്ട് വർഷത്തെ അധിനിവേശത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഗസ്സാ സിറ്റിയിൽ നടക്കുന്നത്. കുട്ടികളുടെ ആശുപത്രിയിൽ ഉൾപ്പെടെ ആക്രമണമുണ്ടായി. രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടങ്ങൾക്കകത്ത് അകപ്പെട്ടവർ പുറത്ത് കടക്കാനാകാതെ കേഴുകയാണ്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള ഗസ്സാ സിറ്റിയിൽ നിന്ന് ആക്രമണത്തെ തുടർന്ന് ഏകദേശം നാല് ലക്ഷത്തിലേറെ പേർ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. 44കാരിയായ ഉമ്മു അഹ്മദ് യൂനുസ് അൽ ജസീറയോട് പറഞ്ഞ ഈ വാക്കുകൾ ഗസ്സയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്: “ഇവിടെ നിന്ന് പലായനം ചെയ്യണമെങ്കിൽ ആയിരമോ രണ്ടായിരമോ ഡോളർ ചെലവ് വരും. എവിടെ നിന്നാണ് ഞാൻ ടെന്റ് വാങ്ങേണ്ടത്? മരണം ഏറ്റവും വില കുറഞ്ഞതും കരുണാമയവുമാണ്.’

ഇസ്‌റാഈലിന്റെ അതിർത്തി വ്യാപന സ്വപ്‌നങ്ങളിൽ ഫലസ്തീനും ലബനാനും മാത്രമല്ല ഉള്ളത്. അത് ഈജിപ്തും ജോർദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉൾപ്പെടുന്നതാണ്. സയണിസ്റ്റ് സ്‌നേക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്‌ന അതിർത്തി അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം തന്നെയാണ്. രാഷ്്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവർത്തിച്ച് തെൽ അവീവ് തലസ്ഥാനമായി ഇസ്‌റാഈൽ രാഷ്ട്രം അടിച്ചേൽപ്പിക്കാൻ സാധിച്ചുവെങ്കിൽ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തിൽ ജൂതരാഷ്ട്രീയത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാമെന്ന് തന്നെ വിലയിരുത്തേണ്ടി വരും. അതുകൊണ്ട് നിസ്സംഗമായിരിക്കാൻ ഒരു നിമിഷവും ഇനി അവശേഷിക്കുന്നില്ല. ഗസ്സാ സിറ്റിയിൽ ഇപ്പോൾ തുടങ്ങിയ ആക്രമണം ഇക്കാലം വരെ ആ ഭൂവിഭാഗം അനുഭവിച്ച വംശഹത്യാ ആക്രമണങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സമ്പൂർണ കീഴടക്കൽ തന്നെയാണ് നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം. അതിന് തടസ്സം നിൽക്കുന്ന ആരെയും ആക്രമിക്കുമെന്ന ധാർഷ്ട്യവും ഗസ്സ റിയൽ എസ്റ്റേറ്റ് ബൊണാൻസയാണെന്ന വ്യാമോഹവുമാണ് ജൂതരാഷ്ട്രത്തെ നയിക്കുന്നത്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് രംഗത്ത് വരുന്ന പാശ്ചാത്യ രാജ്യങ്ങൾ ഈ തെമ്മാടിത്തത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരണം. നിങ്ങൾ അംഗീകരിക്കുമെന്ന് പറയുന്ന ഫലസ്തീൻ രാഷ്ട്രം ഒരു തരി പോലും അവശേഷിക്കാതെ പിടിച്ചടക്കപ്പെടുമ്പോൾ പിന്നെ ദ്വിരാഷ്ട്രപരിഹാരത്തെ പിന്തുണക്കുന്ന യു എൻ പ്രമേയത്തിന് എന്ത് പ്രസക്തിയാണുള്ളത്.

അബ്രഹാം അക്കോർഡിൽ വീണുപോയവരടക്കം അറബ് രാജ്യങ്ങളെല്ലാമിപ്പോൾ വീണ്ടുവിചാരത്തിന് തയ്യാറാകുന്നുവെന്നത് ആശാവഹമാണ്. ഖത്വറിനെതിരെ ഇസ്‌റാഈൽ നടത്തിയ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ പ്രതികരണവുമായി അറബ്- ഇസ്‌ലാമിക് ഉച്ചകോടി ദോഹയിൽ നടന്നു. ഖത്വറിനെതിരായ ആക്രമണം ആ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരതക്കെതിരായ ഭീഷണിയുമാണെന്ന് ഉച്ചകോടി നിരീക്ഷിച്ചു. ഇസ്‌റാഈലിനെതിരെ യു എൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെയൊരു സംയുക്ത യോഗം ചേർന്നതും ഇസ്‌റാഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന പ്രസക്തമായ ആവശ്യം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വെച്ചതും ചെറിയ കാര്യമല്ല. ജി സി സി സംയുക്ത സൈനിക അഭ്യാസം നടത്തുമെന്ന പ്രഖ്യാപനം കൂടിയാകുമ്പോൾ ലോകത്തിന് കൃത്യമായ സന്ദേശം അത് നൽകുന്നുണ്ട്. ഇസ്‌റാഈൽ നടത്തുന്ന എല്ലാ അതിക്രമങ്ങളിലും യു എസിന്റെ ആശീർവാദമുണ്ട്. എന്നിട്ടും, “നാറ്റോ അംഗമല്ലെങ്കിലും ഖത്വർ തങ്ങളുടെ പങ്കാളിയാണെന്നും ആ രാജ്യത്തെ തൊട്ടുകളിക്കരുതെന്നും’ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പറയേണ്ടിവരുന്നത് അറബ്, മുസ്‌ലിം ലോകത്ത് സംഭവിക്കുന്ന അനിവാര്യമായ ഐക്യപ്പെടൽ മുന്നിൽക്കണ്ട് തന്നെയാണ്. യൂറോപ്യൻ യൂനിയൻ ഇസ്‌റാഈലുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധിക്കാൻ പോകുന്നുവെന്ന വാർത്തയും പ്രതീക്ഷ പകരുന്നു. അമേരിക്കക്ക് പോലും ഫലസ്തീനിലെ ചോര കണ്ടില്ലെന്ന് വെക്കാൻ സാധിക്കാത്ത വിധം അന്താരാഷ്ട്ര ഐക്യപ്പെടൽ തന്നെയാണ് യഥാർഥ പരിഹാരം.