Connect with us

International

ഇന്ത്യക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ; ഷിംല കരാർ ഉൾപ്പെടെ മരവിപ്പിക്കാനും തീരുമാനം

ഇന്ത്യയുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും നിർത്തും

Published

|

Last Updated

ഇസ്ലാമാബാദ് | കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിനെതിരെ ഇന്ത്യ കൈക്കൊണ്ട കടുത്ത നടപടികൾക്ക് പിന്നാലെ ഇന്ത്യക്കെതിരെ പ്രതികാര നടപടിയുമായി പാകിസ്ഥാനും. ഷിംല കരാർ ഉൾപ്പെടെ മരവിപ്പിക്കുന്നതിന്  പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിയിൽ അനുമതി നിഷേധിക്കും. ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങള്‍ പാകിസ്ഥാനില്‍ സര്‍വീസ് നടത്താനും അനുവദിക്കില്ല.

വാഗ അതിർത്തി അടക്കും.  നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറക്കും. ഇന്ത്യയുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും നിർത്താനും യോഗത്തിൽ തീരുമാനിച്ചു. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരോട് മടങ്ങാനും നിർദേശമുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ കൈമാറണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ കൈക്കൊണ്ട കടുത്ത നടപടികള്‍ പരിശോധിക്കുന്നതിനും ഇന്ത്യക്കെതിരായ പ്രതിരോധ നീക്കങ്ങള്‍ ആലോചിക്കുന്നതിനുമാണ് അടിയന്തര സുരക്ഷാ സമിതി യോഗം ചേർന്നത്. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ പാക് സൈന്യത്തിലെ ഉന്നതരും യോഗത്തില്‍ പങ്കെടുത്തു.

ഭീകരാക്രമണത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടപടി വേഗത്തിലാക്കിയത്.

Latest