Editorial
നെല്ല് ബോണസും കേന്ദ്രത്തിന്റെ എതിര്‍പ്പും
ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. ആഭ്യന്തര ഭക്ഷ്യാവശ്യത്തിനുള്ള അരി സംസ്ഥാനം ഇറക്കുമതി ചെയ്യുകയാണ്. ഈയൊരു സാഹചര്യത്തില്‍ കര്‍ഷകരെ ഉത്പാദന വര്‍ധനവിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പകരം, കൃഷിയില്‍ നിന്ന് പിന്തിരിയാനിടയാക്കുന്ന നിലപാടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും.
നെല്‍കൃഷി പ്രോത്സാഹനത്തിന് കര്‍ഷകര്‍ക്ക് അധിക ബോണസ് (പ്രൊഡക്ഷന്‍ ബോണസ്) നല്‍കുന്നതിനെ ചൊല്ലി കേരളവും കേന്ദ്രവും ഏറ്റുമുട്ടലിലാണ്. പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ബോണസ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് കേന്ദ്ര നിലപാട്, അത് അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരെ സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. താങ്ങുവിലക്ക് പുറമെ കിലോക്ക് ആറ് രൂപ 31 പൈസയാണ് സംസ്ഥാനം പ്രോത്സാഹന വിഹിതമായി നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നെല്ലിന് താങ്ങുവില മാത്രമാണ് നല്‍കുന്നത്. അതിനുമപ്പുറം സംസ്ഥാനങ്ങള്‍ പ്രോത്സാഹന ബോണസ് നല്‍കുന്നത് വിപണിയിലെ വിലനിലവാരത്തെ ബാധിക്കുകയും കാര്‍ഷിക മേഖലയില്‍ അസമത്വം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര വാദം. ബോണസ് വഴി നെല്ലിന്റെ വില വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നെല്ല് സംഭരണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരികയും കേന്ദ്രത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നും കേന്ദ്രം പറയുന്നു. അതേസമയം കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും പ്രത്യേക തൊഴില്‍ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ പ്രോത്സാഹന ബോണസ് അനിവാര്യമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിശാലമായ കൃഷിഭൂമികളും യന്ത്രവത്കൃത കൃഷിയുമാണ് നിലവിലുള്ളത്. കേരളത്തെ അപേക്ഷിച്ച് കാര്‍ഷിക തൊഴില്‍ നിരക്കും കുറവാണ്. വിസ്തൃതി കുറഞ്ഞ വയലുകളും ചെറുകിട കര്‍ഷകരുമാണ് കേരളത്തിലേത്. ഉയര്‍ന്ന സാക്ഷരതയും ജീവിത നിലവാരവും ഉയര്‍ന്ന കൂലിയും കാരണം കേരളത്തിലെ നെല്ലുത്പാദന ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളി നിരക്കിനെ അപേക്ഷിച്ച് രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ കൂടുതല്‍ വരും കേരളത്തില്‍. കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെ വരുന്ന പ്രദേശങ്ങളിലെ കൃഷിക്ക് പമ്പിംഗിനും മറ്റുമായി വലിയൊരു തുകയും ചെലവാകുന്നു. നെല്ല് ഉത്പാദനത്തിന് കേരളത്തിലെ കര്‍ഷകന് ചെലവാകുന്ന തുകയും കേന്ദ്രം നല്‍കുന്ന താങ്ങുവിലയും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ വിടവ് നികത്താനാണ് കേരളം ഉത്പാദന ബോണസ് നല്‍കാന്‍ നിര്‍ബന്ധിതമാകുന്നത്. ഇത് നിര്‍ത്തലാക്കിയാല്‍ കര്‍ഷകര്‍ നെല്ലുത്പാദനത്തില്‍ നിന്ന് പിന്തിരിയുകയോ കടക്കെണിയില്‍ അകപ്പെടുകയോ ചെയ്യും.
ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. ആഭ്യന്തര ഭക്ഷ്യാവശ്യത്തിനുള്ള അരി സംസ്ഥാനം ഇറക്കുമതി ചെയ്യുകയാണ്. ഈയൊരു സാഹചര്യത്തില്‍ കര്‍ഷകരെ ഉത്പാദന വര്‍ധനവിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പകരം, കൃഷിയില്‍ നിന്ന് പിന്തിരിയാനിടയാക്കുന്ന നിലപാടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഭക്ഷ്യ സുരക്ഷയുടെയും ഗ്രാമീണ സമ്പദ്്വ്യവസ്ഥയുടെയും അടിത്തറയാണ് സംസ്ഥാനത്ത് നെല്‍കൃഷി. ഹെക്ടറിന് 4,575 കി. ഗ്രാമാണ് കേരളത്തില്‍ നെല്ലിന്റെ ശരാശരി ഉത്പാദനക്ഷമത. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വരുമിത്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പ്രോത്സാഹനം വഴിയാണ് ഈ നേട്ടം കൈവരിക്കാനായത്.
സംസ്ഥാനത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും നെല്‍വയലുകള്‍ക്ക് വലിയ പങ്കുണ്ട്. പച്ചപ്പും തണ്ണീര്‍ത്തടങ്ങളും വലിയൊരളവോളം സംരക്ഷിക്കുന്നത് വയലുകളാണ്. ഇതടിസ്ഥാനത്തില്‍ നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന ബോണസ്, പരിസ്ഥിതി- ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയും പരിഗണിക്കാതെയുമാണ് കേന്ദ്രം അധിക ബോണസ് നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതും എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് ഒരൊറ്റ വില മാത്രമേ നല്‍കാവൂ എന്ന് ശഠിക്കുന്നതും. ഓരോ സംസ്ഥാനത്തിന്റെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കെ രാജ്യത്തെങ്ങും ഒരേ വിലയെന്നത് പ്രായോഗികമല്ല.
ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണ്. എന്നിട്ടും താങ്ങുവിലക്ക് മുകളില്‍ കര്‍ഷകന് എന്തെങ്കിലും കൂട്ടിക്കൊടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നു വന്നാല്‍ ഭരണഘടന നല്‍കിയ ഈ അവകാശമെവിടെ? ഫെഡറല്‍ സംവിധാനമെന്നത് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ഉപശാഖകളാക്കി മാറ്റാനുള്ള ഉപാധിയാക്കി മാറ്റരുത്. വര്‍ഷം തോറും കോര്‍പറേറ്റുകളുടെ സഹസ്രകോടി വായ്പകള്‍ എഴുതിത്തള്ളുന്നവര്‍, രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളെ എതിര്‍ക്കുന്നതിലെ വിരോധാഭാസവും കാണാതെ പോകരുത്.
ബോണസിനെതിരെയുള്ള കേന്ദ്ര നീക്കത്തിനു പിന്നില്‍ ഇന്ത്യ- അമേരിക്ക വ്യാപാര കരാറാണോ എന്ന സംശയം ഉയരുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള ചോളം, സോയ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണി സാധ്യതയുണ്ട്. ഇന്ത്യന്‍ ഐ ടി മേഖലക്കും മറ്റും അമേരിക്കയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനു പകരമായി ഇന്ത്യയുടെ കാര്‍ഷിക വിപണി തുറന്നു കൊടുക്കുന്നതിന് സര്‍ക്കാര്‍ സമ്മതം മൂളിയതായി പറയപ്പെടുന്നു. ഇന്ത്യ സ്വന്തം നിലക്ക് ഭക്ഷ്യധാന്യങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നത് അമേരിക്കന്‍ കയറ്റുമതിയെ ബാധിക്കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നല്‍കുന്ന പ്രോത്സാഹന ബോണസുകള്‍ നിര്‍ത്തലാക്കുന്നത് വഴി ആഭ്യന്തര ഉത്പാദന വര്‍ധനവില്‍ താത്പര്യം കുറക്കാനും ഭാവിയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങി പാശ്ചാത്യ ശക്തികള്‍ക്ക് താത്പര്യമുണ്ടാകുക സ്വാഭാവികം.



