Connect with us

Uae

വിശുദ്ധ റമസാനെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ

ആത്മീയതയും കാരുണ്യവും പൈതൃകവും ഒത്തുചേരുന്ന ദിനങ്ങൾ

Published

|

Last Updated

ദുബൈ| റമസാൻ മാസം ആഗതമാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിശുദ്ധ മാസത്തെ വരവേൽക്കാൻ യു എ ഇ സജ്ജമായിക്കഴിഞ്ഞു. വിശ്വാസികൾക്ക് ആത്മീയ നിർവൃതിയേകാനും സമൂഹത്തിൽ കാരുണ്യത്തിന്റെ സന്ദേശം എത്തിക്കാനുമായി സർക്കാർ-സ്വകാര്യ മേഖലകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. പള്ളികളെല്ലാം വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങി. പ്രമുഖ പള്ളികളിൽ തറാവീഹ് നമസ്‌കാരത്തിനും ഖുർആൻ പാരായണത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള പണ്ഡിതന്മാർ പങ്കെടുക്കുന്ന മതപ്രഭാഷണങ്ങളും സെമിനാറുകളും വിവിധയിടങ്ങളിൽ നടക്കും.

യു എ ഇയിലുടനീളം ദശലക്ഷക്കണക്കിന് സൗജന്യ ഇഫ്താർ വിതരണം ചെയ്യും. ലേബർ ക്യാമ്പുകളിലും പള്ളികളിലുമായി വിപുലമായ ഇഫ്താർ ടെന്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇഫ്താർ ടെന്റുകൾക്കും ഭക്ഷണ വിതരണത്തിനുമുള്ള പെർമിറ്റുകൾ ഇതിനകം നൽകിത്തുടങ്ങി.
അവശ്യസാധനങ്ങൾക്ക് വൻ വിലക്കിഴിവുമായി സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും സജ്ജമായിട്ടുണ്ട്. “റമസാൻ നൈറ്റ് മാർക്കറ്റുകൾ’ വിവിധയിടങ്ങളിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. റമസാൻ പ്രമാണിച്ച് സർക്കാർ-സ്വകാര്യ മേഖലകളിലെ ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും പഠന സമയം പുനഃക്രമീകരിക്കും.
സുരക്ഷിതവും സമാധാനപരവുമായ റമസാൻ ഉറപ്പാക്കാൻ റോഡ് സുരക്ഷാ വിഭാഗവും പോലീസും കർശനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അബൂദബിയിൽ റമസാൻ ഫെസ്റ്റിവൽ

വിശുദ്ധ റമസാൻ മാസത്തെ വരവേൽക്കാൻ വിപുലമായ ആഘോഷ പരിപാടികളുമായി അബൂദബി. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ റമസാൻ ഫെസ്റ്റിവലിന് തുടക്കമാകും. വ്രതകാലത്തിന്റെ ആത്മീയതയും യു എ ഇയുടെ പാരമ്പര്യവും സമന്വയിക്കുന്ന രീതിയിലാണ് ഉത്സവത്തിന് രൂപം നൽകിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിക്കുന്ന ഭക്ഷ്യവിപണികൾ (ഫുഡ് മാർക്കറ്റ്), പരമ്പരാഗത കലാപ്രകടനങ്ങൾ, കരകൗശല പ്രദർശനങ്ങൾ എന്നിവ സന്ദർശകർക്ക് പുത്തൻ അനുഭവം നൽകും. രാത്രികാലങ്ങളിൽ കുടുംബസമേതം സമയം ചെലവഴിക്കാനുതകുന്ന രീതിയിലാണ് ഫെസ്റ്റിവൽ വേദികൾ ഒരുക്കുന്നത്.
റമസാൻ വിപണികളിൽ പ്രാദേശിക ഉത്പന്നങ്ങൾക്കും പരമ്പരാഗത ഭക്ഷണങ്ങൾക്കും പുറമെ ആഗോള വിഭവങ്ങളും ലഭ്യമാകും. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും വിജ്ഞാനപ്രദമായ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ, ഖസർ അൽ ഹുസ്ൻ തുടങ്ങിയ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രാർഥനകളും പൈതൃക പ്രദർശനങ്ങളും നടക്കും.

ദുബൈയിൽ 1.6 കോടി ഭക്ഷണപ്പൊതികൾ നൽകും

ദുബൈയിലുടനീളം 1.6 കോടി സൗജന്യ ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് ബൈത്ത് അൽ ഖൈർ സൊസൈറ്റി പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും റമസാനിൽ ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി “റമസാൻ ദ മന്ത് ഓഫ് ഗിവിംഗ്’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകൾ, പള്ളികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ വിതരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും.

സമൂഹത്തിലെ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം പത്ത് കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ക്യാമ്പയിനിലൂടെ റമസാനിലെ മുപ്പത് ദിവസവും മുടക്കമില്ലാതെ ഭക്ഷണമെത്തിക്കും. ഇഫ്താറിന് പുറമെ, അർഹരായ കുടുംബങ്ങൾക്ക് റമസാൻ റേഷൻ കിറ്റുകൾ നൽകുന്ന “മിർ റമസാൻ’ പദ്ധതിയും സൊസൈറ്റി നടപ്പിലാക്കുമെന്ന് ബൈത്ത് അൽ ഖൈർ ഡയറക്ടർ ജനറൽ ആബിദീൻ തയ്യിബ് അൽ അവാദി പറഞ്ഞു.

Latest