Connect with us

Aksharam

നമ്മുടെ മുഖ്യമന്ത്രിമാർ

ഇ എം എസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള കേരള മുഖ്യമന്ത്രിമാരെ പരിചയപ്പെടാം.

Published

|

Last Updated

1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം പിറന്നത്. നമ്മുടെ മുഖ്യമന്ത്രിമാരെ കൂട്ടുകാർക്ക് അറിയാമോ? ഏറ്റവും കൂടുതൽ വർഷം മുഖ്യമന്ത്രിയായത് ഇ കെ നായനാരാണ്. 11 വർഷം. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് കെ കരുണാകരനാണ്. നാല് തവണ ഈ സ്ഥാനം വഹിച്ചപ്പോൾ ഇ കെ നായനാരും എ കെ ആന്റണിയും മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം വഹിച്ചു. ഇടത്- വലതുപക്ഷ മുന്നണികൾ മാറിമാറി ഭരിച്ച സർക്കാറുകളാണ് കേരളത്തിലേത്. ഇത് ജനാധിപത്യത്തിന്റെ വിജയമായി നമുക്കു കാണാം. ഇ എം എസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള കേരള മുഖ്യമന്ത്രിമാരെ പരിചയപ്പെടാം.

ഇ എം എസ് നമ്പൂതിരിപ്പാട്

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസാണ്. പൂർണനാമം ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്. 1909 ജൂൺ 14ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു. മൂന്ന് തവണ കെ പി സി സി സെക്രട്ടറിയായി പ്രവർത്തിച്ചു. 1957-59, 1967-69 കാലയളവുകളിൽ മുഖ്യമന്ത്രിയായി. 1960-64, 1970-77 ൽ പ്രതിപക്ഷ നേതാവായിരുന്നു. 1977 മുതൽ 1992 വരെ ദീർഘകാലം സി പി എം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി പി ഐ) സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി പി എമ്മിന്റെ കൂടെയായിരുന്നു. 1998 മാർച്ച് 19 ന് 89ാം വയസ്സിൽ അന്തരിച്ചു.

പട്ടം എ താണുപിള്ള

1885 ജൂലൈ 15 ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. 1960-62 കാലയളവിൽ മുഖ്യമന്ത്രിയായ ഇദ്ദേഹം 1948 ലും 1954-55 ലും തിരുവിതാംകൂർ- കൊച്ചി മന്ത്രിയായിരുന്നു. കോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ പട്ടം താണുപിള്ള കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായാണ് അറിയപ്പെടുന്നത്. 1952ൽ പഞ്ചാബ് ഗവർണറായും 1964 ൽ ആന്ധ്രാപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു. 1970 ജൂലൈ 22ന് അന്തരിച്ചു.

ആർ ശങ്കർ

1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. പിന്നാക്ക സമുദായത്തിൽ നിന്ന് കേരള മുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ വ്യക്തി. 1962-64 കാലയളവിലാണ് മുഖ്യമന്ത്രിയായത്. എ ഐ സി സി മെന്പറായും കെ പി സി സി പ്രസിഡന്റായും എസ് എൻ ഡി പി. യോഗം ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ശങ്കർ പട്ടം താണുപിള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനവും ധനകാര്യ വകുപ്പും കൈകാര്യം ചെയ്തു. 1972 നവംബർ ആറിന് അന്തരിച്ചു.

സി അച്യുതമേനോൻ

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ സി അച്യുതമേനോൻ 1913 ജനുവരി 13 ന് തൃശൂർ ജില്ലയിലെ പുതുക്കാട് ജനിച്ചു. തൃശൂർ ഡി സി സി പ്രസിഡന്റായും കെ പി സി സി മെന്പറായും പ്രവർത്തിച്ചു. നിരവധി തവണ ജയിൽവാസമനുഷ്ഠിച്ച അദ്ദേഹം 1957 ൽ ഇ എം എസ് മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 1968 ൽ രാജ്യസഭാംഗമായി. 1969-70 വരെ മുഖ്യമന്ത്രിയായ അച്യുതമേനോൻ പിന്നീട് 1970 ലെ ഇടക്കാല തിരഞ്ഞെടുപ്പിനെ തുടർന്ന് വീണ്ടും ഈ സ്ഥാനത്തെത്തി. 1977 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 1991 ആഗസ്ത് 16ന് അന്തരിച്ചു.

കെ കരുണാകരൻ

ലീഡർ എന്ന് അറിയപ്പെട്ട കെ കരുണാകരൻ 1918 ജൂലൈ അഞ്ചിന് കണ്ണൂർ ജില്ലയിലെ ചിറക്കലിൽ ജനിച്ചു. ട്രേഡ് യൂനിയൻ നേതാവായി രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. നാല് തവണ കേരള മുഖ്യമന്ത്രി പദത്തിലെത്തിയ കരുണാകരൻ 1977 ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. ഏഴ് തവണ മാള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. രണ്ട് തവണ ലോക്‌സഭാംഗമായി. 1995 ൽ രാജ്യസഭാംഗമായ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയുമായി. 2010 ഡിസംബർ 23ന് മരിക്കുമ്പോൾ 92 വയസ്സുണ്ടായിരുന്നു.

എ കെ ആന്റണി

കറതീർന്ന പ്രതിച്ഛായയാണ് എ കെ ആന്റണി എന്ന രാഷ്ട്രീയ നേതാവിനെ വ്യത്യസ്തനാക്കുന്നത്. മൂന്ന് പ്രാവശ്യം മുഖ്യമന്ത്രി പദത്തിലെത്തി. 1940 ഡിസംബർ 28ന് ആലപ്പുഴ ചേർത്തലയിലാണ് അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി ജനിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയരംഗത്തെത്തി. 1977 ഏപ്രിൽ 27 ന് കേരള മുഖ്യമന്ത്രിയായി. എന്നാൽ 1978 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 93-95 ൽ നരസിംഹറാവു മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായി. 95 മാർച്ച് 22 ന് വീണ്ടും കേരള മുഖ്യമന്ത്രിസ്ഥാനത്തെത്തി. 96 മുതൽ 2001 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2001 മെയ് 17 ന് മൂന്നാമതും മുഖ്യമന്ത്രി പദവിയിലെത്തി. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയാണ്.

സി എച്ച് മുഹമ്മദ് കോയ

മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയ 1927 ജൂലൈ 15 ന് കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ ജനിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പ്രതാധിപരായിരുന്നു. 1960 ൽ താനൂരിൽ നിന്ന് നിയമസഭയിലെത്തി. 1961ൽ നിയമസഭാ സ്പീക്കറായ അദ്ദേഹം പാർലിമെന്റിലേക്ക് മത്സരിക്കാനായി ആ സ്ഥാനം രാജിവച്ചു. 1981 ൽ കരുണാകരൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയുമായി. 1979 ഒക്ടോബർ 12ന് മുഖ്യമന്ത്രിയായ അദ്ദേഹം അതേ വർഷം ഡിസംബർ ഒന്ന് വരെയേ ആ സ്ഥാനത്ത് തുടർന്നുള്ളൂ. അങ്ങനെ 54 ദിവസം മാത്രം മുഖ്യമന്ത്രിയായ ഏക വ്യക്തിയായി. എം എൽ എ, എം പി, സ്പീക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച കേരളത്തിലെ ഏക വ്യക്തിയാണ്. 1983 സപ്തംബർ 28ന് അന്തരിച്ചു.

പി കെ വാസുദേവൻ നായർ

പൊതുജീവിതത്തിലെ സംശുദ്ധിയായിരുന്നു പി കെ വി എന്ന പടയാട്ട് കേശവപിള്ള വാസുദേവൻ നായരുടെ മുഖമുദ്ര. 1926 മാർച്ച് 25 ന് കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ജനനം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ചു. എ ഐ വൈ എഫ് (ഓൾ കേരള യൂത്ത് ഫെഡറേഷൻ) സ്ഥാപകനാണ്. 64 ലെ പിളർപ്പിനു ശേഷം സി പി ഐയിൽ തുടർന്നു. എ കെ ആന്റണിയുടെ പിൻഗാമിയായാണ് അദ്ദേഹം 1978 ഒക്ടോബർ 24 ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. എന്നാൽ, എൽ ഡി എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഏഴിന് പദവിയിൽ നിന്ന് രാജിവെച്ചു. 2005 ജൂലൈ 12 ന് മരിച്ചു.

ഇ കെ നായനാർ

പത്രാധിപർ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രശസ്തനായ ഇ കെ നായനാർ 1919 ഡിസംബർ ഒന്പതിന് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ ജനിച്ചു. 1967ൽ എം പിയായി. 1980 ൽ മുഖ്യമന്ത്രിയായി. 87-91, 96-2001 കാലയളവിലും ഈ പദവി അലങ്കരിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്നു. കേരള നിയമസഭാംഗമായി ആറ് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967 ൽ ലോക്‌സഭാംഗവുമായി. 1982-87, 91-92 കാലയളവുകളിൽ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി തവണ ജയിൽവാസമനുഷ്ഠിച്ച അദ്ദേഹം 2004 മെയ് 19 ന് അന്തരിച്ചു.

വി എസ് അച്യുതാനന്ദൻ

ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദൻ 1923 ഒക്ടോബർ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു. 1980 മുതൽ മൂന്ന് തവണ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം സി പി എം സ്ഥാപക നേതാവാണ്. 1992-1996 കാലയളവിലും 2001-2006 ലും പ്രതിപക്ഷ നേതാവായിരുന്നു. 2006 മെയ് 18ന് കേരളത്തിന്റെ 11ാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.

ഉമ്മൻചാണ്ടി

1943 ഒക്ടോബർ 30 നാണ് ഉമ്മൻചാണ്ടി ജനിച്ചത്. കെ എസ് യു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം എ ഐ സി സി മെന്പറുമായിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011,2016, 2021 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 1977 ലെ കരുണാകരൻ മന്ത്രിസഭയിലും ആന്റണി മന്ത്രി സഭയിലും തൊഴിൽ മന്ത്രിയായി. 1981-82 കാലയളവിൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായും 1991ൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.

2004ൽ എ കെ ആന്റണി രാജിവെച്ചപ്പോൾ മുഖ്യമന്ത്രിയായി. 2006 മെയ് 18 വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം 2011 മുതൽ 2016 വരെ വീണ്ടും മുഖ്യമന്ത്രിയായി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2023 ജൂലൈ 18ന് അന്തരിച്ചു.

പിണറായി വിജയൻ

1944 മാർച്ച് 21 ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ ജനനം. 2016 മെയ് 25 മുതൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നിലവിൽ സി പി എം പോളിറ്റ് ബ്യൂറോ മെമ്പറാണ്.
1998 മുതൽ 2015 വരെ സി പി എം കേരള ജനറൽ സെക്രട്ടറി ആയിരുന്നു. 1970,1977,1991,1996,2016,2021 കാലയളവിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1996 മുതൽ 1998 വരെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരണ വകുപ്പ് കൈകാര്യം ചെയ്തു.

 

 

---- facebook comment plugin here -----

Latest