Connect with us

മണ്ഡല പര്യടനം

ആറ്റിങ്ങല്‍: ത്രികോണ തരംഗം

ജാതി സമവാക്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

Published

|

Last Updated

തിരുവനന്തപുരം | മണ്ഡല രൂപവത്കരണത്തിനു ശേഷം കൂടുതലും ഇടതിനെ പിന്തുണച്ചിരുന്ന മണ്ഡലം ഏറെക്കാലത്തിന് ശേഷമാണ് 2019ൽ അടൂർ പ്രകാശിലൂടെ കോൺഗ്രസ്സ് തിരിച്ചുപിടിച്ചത്. എന്നാൽ, ഇത്തവണ തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാനുള്ള ദൗത്യം ഇടതുപക്ഷം ഏൽപ്പിച്ചിരിക്കുന്നത് സി പി എം ജില്ലാ സെക്രട്ടറി കൂടിയയായ വി ജോയിയെയാണ്. വർക്കല മണ്ഡലത്തിലെ എം എൽ എ കൂടിയായ “ജോയ് അണ്ണനെ’ക്കാൾ മികച്ച ഒരു സ്ഥാനാർഥി ഇവിടെയില്ലെന്ന് നാട്ടുകാർക്കറിയാം. ഒപ്പം കഴിഞ്ഞ പത്ത് വർഷത്തിലേറെ പരിപാടികളിലൂടെ മണ്ഡലത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രി വി മുരളീധരനും ബി ജെ പിക്കു വേണ്ടി ആറ്റിങ്ങലിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ മണ്ണിൽ ജാതി സമവാക്യത്തിൽ വിശ്വാസമർപ്പിച്ചാണ് മൂന്ന് മുന്നണികളും മണ്ഡലം പിടിക്കാൻ കരുനീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം പി എന്ന നിലയിൽ മണ്ഡലത്തിൽ തന്റെ സാന്നിധ്യമറിയിച്ച അടൂർ പ്രകാശ് ജനപിന്തുണയിലൂടെ മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്. വർക്കലയിലും കാപ്പിലിലും ഇടവയിലും കടലും കായലും ഇടചേർന്നു കിടക്കുന്നത് പോലെ തന്നെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രവും.
ജാതീയ ഘടകം
ഇരു മുന്നണികളെയും പരിഗണിച്ച ചരിത്രം മണ്ഡലത്തിനുണ്ടെങ്കിലും 1991ൽ സുശീല ഗോപാലൻ സി പി എമ്മിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനു ശേഷം കഴിഞ്ഞ തവണ അടൂർ പ്രകാശിലൂടെയാണ് കോൺഗ്രസ്സിന് മണ്ഡലത്തിൽ വിജയിക്കാനായത്. പാർട്ടിയിലെ തർക്കങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനായതും മണ്ഡലത്തിലെ ജാതീയ ഘടകങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.
ലോക്‌സഭയിലെ കന്നി മത്സരത്തിന് ആറ്റിങ്ങലിലെത്തിയ അടൂർ പ്രകാശ് മണ്ഡലത്തിൽ നിന്ന് നാലാംതവണ ജനവിധി തേടിയ സി പി എമ്മിലെ എ സമ്പത്തിനെയാണ് പരാജയപ്പെടുത്തിയത്. അടൂർ പ്രകാശ് 3,80,995 വോട്ടു നേടിയപ്പോൾ സമ്പത്തിന് ലഭിച്ചത് 3,42,748 വോട്ടുകൾ. ഭൂരിപക്ഷം 38,247 വോട്ട്. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെന്ന പേരുമാറ്റി മണ്ഡലത്തിലൊരാളാകാൻ അടൂർ പ്രകാശിന് സാധിച്ചിട്ടുണ്ടെന്ന് കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നു. ദേശീയപാതാ വികസനം അടക്കം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.
സ്വന്തം ജോയ് അണ്ണൻ
ആറ്റിങ്ങൽ മണ്ഡലം തിരിച്ചു പിടിക്കാൻ ആരെന്ന ചോദ്യത്തിന് മറുപടിയായാണ് വി ജോയിയെ ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. ജില്ലയിൽ സി പി എം പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പാർട്ടിയെ നയിക്കാൻ നിയോഗിച്ചതും ജോയിയെ തന്നെയായിരുന്നു. ഈ വിശ്വാസമാണ് മണ്ഡലത്തിന്റെ കാര്യത്തിലും പാർട്ടി പരിഗണിച്ചത്. സി പി എം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ് മാസങ്ങൾക്കു ശേഷമാണ് ജോയ് ആറ്റിങ്ങലിൽ സ്ഥാനാർഥിയാകുന്നത്.
ഏറെക്കാലം കോൺഗ്രസ്സ് കൈവശം വെച്ച വർക്കല നിയമസഭാ മണ്ഡലം പിടിച്ചെടുത്ത ചരിത്രം ജോയിക്ക് കരുത്തായുണ്ട്. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല മണ്ഡലങ്ങളിൽ ഏറെ വ്യക്തിപരിചയമുള്ള പ്രവർത്തകരുടെ “ജോയ് അണ്ണൻ’ ആർക്കും സമീപിക്കാൻ കഴിയുന്ന നേതാവാണ്. വർക്കലയിൽ നടപ്പാക്കിയ വികസനങ്ങളും എൽ ഡി എഫ് സർക്കാറിന്റെ വികസന പദ്ധതികളുമാണ് പ്രചാരണായുധം.
വോട്ടുനേട്ടം പ്രതീക്ഷ
എന്നാൽ, കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രൻ മണ്ഡലത്തിലുണ്ടാക്കിയ വോട്ടു നേട്ടം വിജയത്തിലെത്തിക്കാനാണ് കേന്ദ്ര മന്ത്രി വി മുരളീധനെ ബി ജെ പി കളത്തിലിറക്കിയിരിക്കുന്നത്. ശബരിമല വിഷയം കത്തിനിൽക്കുന്ന കഴിഞ്ഞ തവണ ബി ജെ പി വോട്ട് വിഹിതം വർധിപ്പിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പിൽ എസ് ഗിരിജ കുമാരി നേടിയ 90,528 വോട്ടുകൾ ശോഭ 2,48,081 ആക്കി ഉയർത്തി. ഈ സാഹചര്യത്തിൽ കടുത്ത മത്സരം കാഴ്ച വെക്കാനാണ് വി മുരളീധരനെ മത്സരിപ്പിക്കുന്നത്.
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം. വർക്കലയിലെ കടൽത്തീരത്ത് തുടങ്ങി കാട്ടാക്കടയിലെ വനമേഖലകളിൽ അവസാനിക്കുന്ന മണ്ഡലത്തിന്റെ താത്പര്യങ്ങളും ഭൂമിയുടെ ഘടനപോലെ വ്യത്യസ്തമാണ്. എങ്കിലും ജാതി സമവാക്യങ്ങൾ ശക്തമായ മണ്ഡലത്തിൽ ഇതിൽ തന്നെയാണ് മുന്നണികളുടെ പ്രതീക്ഷയത്രയും. ഇതോടൊപ്പം എല്ലാ ഘടകങ്ങളിലും മുൻതൂക്കം നേടാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് മുന്നണികളും സ്ഥാനാർഥികളും നടത്തുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം