Kerala
വിഴിഞ്ഞം: ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പാളി, നാളെ വീണ്ടും ചര്‍ച്ചക്ക് നീക്കം
തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാടിലാണ് സമരസമിതി.

തിരുവനന്തപുരം | വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാനായി ഇന്ന് നടത്തിയ സമവായ നീക്കങ്ങള്‍ വിഫലമായി. നാളെ സമരസമിതിയുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് മന്ത്രിസഭാ ഉപസമിതിയുടെ നീക്കം. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാടിലാണ് സമരസമിതി. നാളെ രാവിലെ വീണ്ടും അനുരഞ്ജന നീക്കം നടത്തി വൈകിട്ട് സമരക്കാരുമായി ചര്‍ച്ച നടത്താനാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.
ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേര്‍ന്ന ശേഷം സമര സമിതിയുമായി ചര്‍ച്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയില്‍ സമരസമിതി നിര്‍ദേശിക്കുന്ന പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
തീരത്ത് നിന്നും മാറിതാമസിക്കുന്നവര്‍ക്കുള്ള വീട്ടുവാടക 5,500 ല്‍ നിന്നും 8,000 ആക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും വര്‍ധിപ്പിക്കുന്ന തുക അദാനി ഗ്രൂപ്പിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനുള്ള നീക്കത്തെ സമരസമിതി എതിര്‍ത്തു.