Connect with us

International

മൂന്നിലൊരാള്‍ മരിക്കും; അതിമാരക ശേഷിയുള്ള 'നിയോകോവ്' വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകര്‍

മനുഷ്യരിലെത്തിയാൽ വാക്‌സിന്‍ വഴി ഇതിനെ പിടിച്ചുകെട്ടാനാകുമോ എന്ന കാര്യത്തിലും ഗവേഷകര്‍ക്ക് സംശയമുണ്ട്.

Published

|

Last Updated

മോസ്‌കോ | ലോകം കൊവിഡിനോടുള്ള പോരാട്ടം തുടരുന്നതിനിടെ പുതിയ വെെറസിനെക്കുറിച്ച് മുന്നറിയിപ്പുമായി കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലെ ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകളിൽ കണ്ടെത്തിയ അതിമാരകമായ ‘നിയോകോവ്’ (NeoCoV) വൈറസ് മനുഷ്യരിലേക്ക് പടരാമെന്നാണ് മുന്നറിയിപ്പ്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഇക്കാര്യം റിപ്പോര്‍റ്റ്ട് ചെയ്യുന്നത്.

മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള നിയോകോവ് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളില്‍ ഇപ്പോള്‍ ഈ വൈറസ് കണ്ടെത്തിയതോടെയാണ് ഗവേഷകര്‍ മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്. നിലവില്‍ പക്ഷി മൃഗാദികളില്‍ കണ്ടുവരുന്ന നിയോകോവും അതിനോട് അടുത്ത ബന്ധമുള്ള പിഡിഎഫ്2180കോവും മനുഷ്യരെ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

വൈറസ് ഒരു തവണ കൂടി രൂപാന്തരം പ്രാപിച്ചാല്‍ മനുഷ്യരിലും എത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ, ആളുകൾക്ക് നിയോകോവ് ബാധിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ല. ഇത് മനുഷ്യരെ ബാധിക്കുമോ ഇല്ലയോ എന്ന് സ്ഥാപിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.  മനുഷ്യരിലെത്തിയാൽ വാക്‌സിന്‍ വഴി ഇതിനെ പിടിച്ചുകെട്ടാനാകുമോ എന്ന കാര്യത്തിലും ഗവേഷകര്‍ക്ക് സംശയമുണ്ട്.

മ്യൂട്ടേഷനുകളും പുതിയ വൈറസ് ബാധകളും തിരിച്ചറിയുകയും അറിയിക്കുകയും ചെയ്യുന്ന ലോകാരോഗ്യ സംഘടന (WHO) നിയോകോവ് സംബന്ധിച്ച് ഇതുവരെ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.

Latest