Connect with us

Kerala

ഓണം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 4,500 രൂപയായി വര്‍ധിപ്പിച്ചു, 20,000 അഡ്വാന്‍സ്

ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍ നിന്നും 3,000 രൂപയായി ഉയര്‍ത്തി.

Published

|

Last Updated

തിരുവനന്തപുരം | ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍ നിന്നും 3,000 രൂപയായി ഉയര്‍ത്തി.

സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ച് 1,250 രൂപയാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 250 രൂപ വീതം വര്‍ധിപ്പിച്ചു.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ആനുകൂല്യം ലഭിച്ച എല്ലാ വിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ധിപ്പിച്ച ആനുകൂല്യം ലഭിക്കും.

 

Latest