Connect with us

Uae

ഗൾഫിൽ ജീവിതച്ചെലവ് കുറഞ്ഞ രാജ്യം ഒമാൻ; കൂടുതൽ യു എ ഇയിൽ

താമസിക്കാൻ ഏറ്റവും താങ്ങാനാവുന്ന രാജ്യമായി ഒമാൻ മാറിയെന്ന് ഡാറ്റാ പ്ലാറ്റ്ഫോമായ നംബിയോ ചൂണ്ടിക്കാട്ടി.

Published

|

Last Updated

ദുബൈ| ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ വിദേശികൾക്ക് ജീവിതച്ചെലവ് കുറവ് ഒമാനിലും കൂടുതൽ യു എ ഇയിലും. താമസിക്കാൻ ഏറ്റവും താങ്ങാനാവുന്ന രാജ്യമായി ഒമാൻ മാറിയെന്ന് ഡാറ്റാ പ്ലാറ്റ്ഫോമായ നംബിയോ ചൂണ്ടിക്കാട്ടി. 2025ലെ ജീവിതച്ചെലവ് സൂചികയാണ് കണക്കിലെടുത്തത്. ഒമാനിൽ ജീവിതച്ചെലവും വാടക ചെലവും കുറവാണ്. ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്, അയൽക്കാരെ അപേക്ഷിച്ച് ബജറ്റിന് അനുയോജ്യമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നു. ഡാറ്റ പ്രകാരം, ഒമാനിലെ നാലംഗ കുടുംബത്തിന് വാടക ഒഴികെ പ്രതിമാസ ചെലവ് 9,597.6 ദിർഹം (ഒ എം ആർ 1,004.7) ആണ്. ഒരു വ്യക്തിക്ക്, പ്രതിമാസ ചെലവ് 2,773.2 ദിർഹം (ഒ എം ആർ 290.3) ആയി കണക്കാക്കുന്നു. മൊത്തത്തിൽ, ഒമാനിലെ ജീവിതച്ചെലവ് യു എ ഇയെ അപേക്ഷിച്ച് 26.5 ശതമാനം കുറവാണ്. അതേസമയം വാടക ശരാശരി 71.7 ശതമാനം കുറവാണ്.

രണ്ടാം സ്ഥാനത്ത് ബഹ്‌റൈനാണ്. ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 10,496.8 ദിർഹം (1,076.1 ദിനാർ). ഒരു വ്യക്തിക്ക് പ്രതിമാസം 2,968.5 ദിർഹം (304.3) വേണം. ദുബൈയെ അപേക്ഷിച്ച് മനാമയിൽ താമസിക്കുന്നതിന് ചെലവ് 25.3 ശതമാനം കുറവാണ്, വാടക ഏകദേശം 65 ശതമാനം കുറവാണ്. കുവൈത്ത് തൊട്ടുപിന്നിലുണ്ട്. കുടുംബച്ചെലവ് ഏകദേശം 11,105.1 ദിർഹവും (923.0 ദിനാർ) വ്യക്തിഗത ചെലവുകൾ 3,012.5 ദിർഹവുമാണ് (250.4). ദുബൈയെ അപേക്ഷിച്ച് 27 ശതമാനം കുറഞ്ഞ ജീവിതച്ചെലവാണ് കുവൈത്ത് സിറ്റി വാഗ്ദാനം ചെയ്യുന്നത്, വാടക ശരാശരി 61 ശതമാനം കുറവാണ്. ഖത്വറിൽ കുടുംബച്ചെലവ് 11,716.9 ദിർഹം (11,655.5 റിയാൽ) വ്യക്തിഗത ചെലവ് 3,276.7 ദിർഹം
(3,259.5). ദുബൈയെ അപേക്ഷിച്ച് ദോഹയിൽ ജീവിതച്ചെലവ് 20.7 ശതമാനം കുറവ്.വാടക 38.3 ശതമാനം വ്യത്യാസമുണ്ട്.റിയാദ് അഞ്ചാം സ്ഥാനത്താണ്. ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 12,167.9 ദിർഹം (12,424.0 റിയാൽ). ഒരു വ്യക്തിക്ക് 3,378.5 ദിർഹം (3,449.6) ഉം ആണ്.
ജി സി സി രാജ്യങ്ങളിൽ ഏറ്റവും ചെലവേറിയത് യു എ ഇ. അബൂദബിയും ദുബൈയും ചെലവിൽ മുന്നിൽ. ദുബൈയിൽ നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസ ചെലവ് 14,765 ദിർഹവും ഒരാൾക്ക് 4,242.5 ദിർഹവുമാണ്. അബൂദബിയിൽ, ഒരു കുടുംബത്തിന് 12,403.3 ദിർഹവും ഒറ്റക്ക് താമസിക്കുന്നയാൾക്ക് 3,550.4 ദിർഹവും എന്ന നിരക്കിലാണ്. ദുബൈയെ അപേക്ഷിച്ച് അബൂദബിയിലെ വാടക ശരാശരി 34.3 ശതമാനം കുറവാണ്, പക്ഷേ മറ്റ് ഗൾഫ് തലസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ കൂടുതൽ.

Latest