Connect with us

Saudi Arabia

2025ലെ ആഗോള സൈബർ സുരക്ഷാ റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി സഊദി അറേബ്യ

യുഎൻ സ്പെഷ്യലിസ്റ്റ് ഏജൻസി സഊദി  അറേബ്യയെ ടയർ 1 'റോൾ-മോഡലിംഗ്' രാഷ്ട്രമായാണ് വിശേഷിപ്പിച്ചത്.

Published

|

Last Updated

ദമാം|2025 ലെ ആഗോള സൈബർ സുരക്ഷാ റാങ്കിംഗിൽ സഊദി അറേബ്യ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വേൾഡ് കോംപറ്റിറ്റീവ്‌നെസ് പുറത്തിറക്കിയ ഇയർബുക്കിലാണ്  ആഗോള സൈബർ സുരക്ഷയിൽ സഊദി അറേബ്യയെ തിരഞ്ഞെടുത്തത്. സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാണ് രാജകുമാരനും  രാജ്യത്തിന്റെ നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയോടെ നടപ്പിലാക്കിയ ദേശീയ ഡിജിറ്റൽ പരിവർത്തന പദ്ധതിയാണ്  രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിൽ മുൻപന്തിയിലെത്തിച്ചത്. യുഎൻ സ്പെഷ്യലിസ്റ്റ് ഏജൻസി സഊദി  അറേബ്യയെ ടയർ 1 ‘റോൾ-മോഡലിംഗ്’ രാഷ്ട്രമായാണ് വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയെ സാമ്പത്തികവും സാങ്കേതികവുമായ വികസനവുമായി സന്തുലിതമാക്കുന്ന സമഗ്രവും ദീർഘകാലവുമായ ഒരു തന്ത്രമാണ് സൈബർ സുരക്ഷയിൽ രാജ്യത്തിന്റെ നേട്ടമെന്നും യുഎൻ സ്പെഷ്യലിസ്റ്റ് ഏജൻസി വ്യക്തമാക്കി.

സൈബർ സുരക്ഷാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന രാജ്യത്തിന്റെ പ്രാഥമിക സ്ഥാപനമായ നാഷണൽ സൈബർ സുരക്ഷാ അതോറിറ്റിയും അതിന്റെ സാങ്കേതിക, തന്ത്രപരമായ പങ്കാളിയായി പ്രവർത്തിക്കുന്ന സഊദി ഇൻഫർമേഷൻ ടെക്നോളജി കമ്പനിയും  ദേശീയ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, പ്രധാന സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കുന്നതിനും, ആഭ്യന്തരമായും അന്തർദേശീയമായും സഹകരണം വികസിപ്പിക്കുന്നതിനും സംയുക്തമായാണ് പ്രവർത്തിച്ച് വരുന്നത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ദേശീയ റഫറൻസ് പോയിന്റായി പ്രവർത്തിക്കുന്ന എൻ‌സി‌എ, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന മേഖലകൾ, സർക്കാർ സേവനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്. രാജ്യത്തിന്റെ സൈബർ സുരക്ഷാ മേഖലയിലെ നവീകരണം, നിക്ഷേപം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നയങ്ങൾ, സാമ്പത്തിക വളർച്ചയെയും ആഗോള സഹകരണത്തെയും പിന്തുണയ്ക്കുന്ന സുരക്ഷിതവും വിശ്വസനീയവുമായ ഒരു ഡിജിറ്റൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള സഊദി  അറേബ്യയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ.

Latest