Connect with us

National

ഗ്രഹാം സ്‌റ്റൈനെയും മക്കളെയും ചുട്ടുകൊന്ന കേസ്; പ്രതിയെ മോചിതനാക്കി ഒഡിഷ സര്‍ക്കാര്‍

ജയില്‍ മോചിതനാക്കിയ പ്രതിയെ ജയ് ശ്രീറാം വിളിയോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്

Published

|

Last Updated

ഭുവനേശ്വര്‍| ആസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റൈനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ നല്ല നടപ്പ് കണക്കിലെടുത്ത് ജയില്‍ മോചിതനാക്കി ഒഡിഷ സര്‍ക്കാര്‍. 25 വര്‍ഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെബ്രാമിനെയാണ് ബിജെപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയത്. കിയോഞ്ചാര്‍ ജയിലിലായിരുന്നു പ്രതി. ജയ് ശ്രീറാം വിളിയോടെയാണ് മഹേന്ദ്ര ഹെബ്രാമിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

1999 ജനുവരി 22നാണ് മനോഹര്‍പൂര്‍-ബാരിപാഡിലെ വനപ്രദേശത്ത് വാനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാമിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറ് വയസുള്ള തിമോത്തിയെയും ചുട്ടുകൊല്ലുന്നത്. മതപരിവര്‍ത്തനം ആരോപിച്ചാണ് സുവിശേഷകനെ സംഘപരിവാര്‍ ബന്ധമുള്ള ബജ്‌റംഗ്ദള്‍ സംഘം കൊലപ്പെടുത്തിയത്. കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സുവിശേഷകനാണ് കൊലപ്പെട്ട ഗ്രഹാം.

1999നും 2000നും ഇടയില്‍ കേസുമായി ബന്ധപ്പെട്ട് 51 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ 37 പേര്‍ പ്രാഥമിക വിചാരണയ്ക്കിടെ കുറ്റവിമുക്തരായി. ധാരാ സിങ്, ഹെബ്രാം എന്നിവരുള്‍പ്പെടെ പതിനാല് പേരെ സിബിഐ കോടതി ശിക്ഷിച്ചു. എന്നാല്‍ ഒഡിഷ ഹൈക്കോടതി 11 പേരെ കൂടി കുറ്റവിമുക്തരാക്കിയതോടെ കേസില്‍ മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്.

കേസിലെ മുഖ്യപ്രതി ധാര സിങ് ഇപ്പോഴും ജയിലിലാണ്. ധാരാ സിങിനെയും ജയില്‍ മോചിതനാക്കാന്‍ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാജിയുടെ പിന്തുണയോടെ ശ്രമം നടന്നിട്ടുണ്ട്. അതേസമയം ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചിരുന്നു.

 

 

Latest