Kerala
മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം 30ന്
മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുമായി സഹകരിച്ചുള്ള പദ്ധതി.

പത്തനംതിട്ട | മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 30ന് രാവിലെ 10ന് അടൂര്‍ ഓള്‍ സെയിന്റ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുമായി സഹകരിച്ചാണ് ഇ-സമൃദ്ധ എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനം ആരംഭിച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇ-സമൃദ്ധയില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് വെറ്ററിനറി അപ്പോയ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും മൃഗങ്ങളുടെ ചികിത്സാ ചരിത്രം അറിയാനും മരുന്ന് കുറിപ്പടികള്‍ കാണാനും സഹായിക്കും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശനവേളയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനും ആപ്പ് ഉപകരിക്കും. അടിസ്ഥാനപരമായ ഡിജിറ്റലൈസേഷനും ഉള്‍പ്പെടെ ഇ സമൃദ്ധ ഡാറ്റാധിഷ്ഠിത സമീപനമാണ് പിന്തുടരുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉപയോഗിക്കുന്നു.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഡിജിറ്റല്‍ എസ് എല്‍ ബി പി-പൈലറ്റ് പ്രോജക്ടും നടപ്പിലാക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ പദ്ധതി കേരള സംരക്ഷണ വകുപ്പും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയും സംയുക്തമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി 7.52 കോടി രൂപയാണ് ചെലവഴിക്കുന്നത്. വെറ്ററിനറി ആശുപത്രികള്‍ ആധുനികവത്ക്കരിക്കുക, മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി വീണാ ജോര്‍ജ് സമര്‍പ്പിക്കും. ഇ-സമൃദ്ധ വെബ്‌സൈറ്റ് ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിക്കും. ‘സൈബര്‍ യുഗം, മാറുന്ന മൃഗസംരക്ഷണ മേഖല എന്ന വിഷയത്തില്‍ സെമിനാറും നടക്കും. പി ആര്‍ ഒ. ഡോ. എബി കെ എബ്രഹാം, ഡോ. ആര്‍ അജി , ഡോ. എ കാര്‍ത്തിക്, ഡോ. എന്‍ ജെ ജാനകിദാസ്, ഡോ. വിനീത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.