Connect with us

Kerala

ജനവാസ മേഖലകളില്‍ മനുഷ്യരക്ഷയ്ക്ക് വന്യമൃഗത്തെ കൊലപ്പെടുത്തിയാല്‍ കേസെടുക്കരുത്: ജോസ് കെ മാണി എം പി

'അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാമെന്ന വ്യവസ്ഥ 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിലുണ്ട്.'

Published

|

Last Updated

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധര്‍ണ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട | കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക ഭീഷണികള്‍ ആയി വന്യജീവി ആക്രമണങ്ങളും തെരുവ് നായ ശല്യവും മാറിയിരിക്കുന്നുവെന്നും ജനവാസ മേഖലകളിലേക്ക് വരുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുകയോ പിടികൂടി കൂട്ടിലടക്കുകയോ ചെയ്യണമെന്നും ജോസ് കെ മാണി എം പി. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊലപ്പെടുത്തിയാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാമെന്ന വ്യവസ്ഥ 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിലുണ്ട്. സ്വയരക്ഷയ്ക്ക് വന്യമൃഗങ്ങളെ കൊലപ്പെടുത്തേണ്ടി വന്നാല്‍ മനുഷ്യര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. അടുത്തിടെ ഒരു കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വനപാലകര്‍ സ്വയരക്ഷയ്ക്ക് കടുവയെ വെടിവെച്ചു കൊന്നപ്പോള്‍ കേസെടുക്കാത്തത് എല്ലായിടത്തും മാതൃകയാക്കണം. ജനവാസ മേഖലകളിലെ മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ചുമതല പോലീസിന് നല്‍കണം.

ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും കേരളത്തില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് അതിരൂക്ഷമായ തെരുവുനായ ശല്യം മൂലം സംജാതമായിരിക്കുന്നത്. തെരുവ് നായകളെ കൂട്ടത്തോടെ പിടികൂടി വന്യമൃഗങ്ങള്‍ക്ക് ആഹാരമായി ഉള്‍വനങ്ങളില്‍ കൊണ്ട് തുറന്നു വിടണം. അങ്ങനെ ചെയ്താല്‍ ക്രൂര വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്താ കുറിയാകോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.

ബിലിവേഴ്സ് ഈസ്റ്റണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ സാമുവേല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ, ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കെ സി സി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സജി അലക്സ്, ജില്ലാ പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ കല്ലിട്ടേതില്‍ കോറെപ്പിസ്‌കോപ്പാ, കറന്റ് അഫേഴ്സ് കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജോജി പി തോമസ്, വൈസ് പ്രസിഡന്റ് അനീഷ് തോമസ്, ജില്ലാ ചെയര്‍മാന്‍ രഞ്ചു എം ജോയി, റവ. ഷാജി കെ ജോര്‍ജ്, അഡ്വ. ബോബി കാക്കനാപ്പള്ളി, ബിജിമോന്‍ പൂമുറ്റം, കണ്‍വീനര്‍ അനൂപ് വി തോമസ്, അബി എബ്രഹാം കോശി, റോണി ചേലമറ്റം, ഷിബു വര്‍ഗീസ്, ഷിജോ കെ മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് സാംസണ്‍ പ്രസംഗിച്ചു.

വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങള്‍ കാലോചിതമായി പുനപ്പരിശോധിക്കുക, തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഈ വിഷയത്തില്‍ സഭാ പിതാക്കന്മാരുടെ ആശങ്ക അറിയിച്ചുള്ള കത്തുകള്‍, മലയോര മേഖലയിലെ ഇടവകയില്‍ നിന്ന് വികാരിമാരും അംഗങ്ങളും ഒപ്പിട്ട നിവേദനങ്ങള്‍ എന്നിവ ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര വനം മന്ത്രി, സംസ്ഥാന വനം മന്ത്രി, കേരളത്തിലെ ലോക്‌സഭ, രാജ്യസഭാ എം പിന്മാര്‍ എന്നിവര്‍ക്ക് നല്‍കും. തുടര്‍ന്ന് മലയോര ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

 

Latest