Connect with us

Articles

ഭൂമിയെ കുറിച്ച് പറയാതെ വയ്യ

ഐക്യരാഷ്ട്ര സഭ വര്‍ഷം തോറും ഭൗമ ഉച്ചകോടികളും ജല ഉച്ചകോടികളും പാരിസ്ഥിതിക ഉച്ചകോടികളും നടത്തുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ലോകത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും കൊടുങ്കാറ്റുകളും പ്രളയങ്ങളും മഹാമാരികളും സുനാമികളുമൊക്കെയായി ദുരന്തങ്ങള്‍ നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ 100 വര്‍ഷം കൊണ്ട് ഭൂഗോളത്തില്‍ മനുഷ്യവാസം തന്നെ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.

Published

|

Last Updated

ഈ ഭൂമി, ഇനി വരുന്ന തലമുറക്കും വാസയോഗ്യമാക്കണമെന്ന കരുതലിന്റെ ഭാഗമായി ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് യു എന്‍ തീരുമാനിച്ച് അര നൂറ്റാണ്ട് പിന്നിടുന്നു. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോക ഭൗമദിനമായി ആചരിക്കുന്നത്. 54ാമത്തെ ലോക ഭൗമദിനമാണ് നാം ഇപ്പോള്‍ ആചരിക്കുന്നത്. “പ്ലാനറ്റ് വേഴ്‌സസ് പ്ലാസ്റ്റിക്’ എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയിലും ഭൂനിവാസികളിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ധിപ്പിക്കുകയാണ് ഈ തീം ലക്ഷ്യമിടുന്നത്.

അമേരിക്കയിലായിരുന്നു ഭൗമ ദിനാചരണത്തിന്റെ തുടക്കം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ സാന്തബാരയില്‍ എണ്ണക്കിണര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആയിരക്കണക്കിന് മത്സ്യങ്ങളും കടല്‍ജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി.
ഡെന്നിസ് ഹെയ്ഡ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനും വിസ്‌കോണ്‍സിനില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്ററായ ഗെയ്ലോഡ് നെല്‍സണുമാണ് ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. 1969ല്‍ നടന്ന യുനെസ്‌കോ സമ്മേളനത്തില്‍ ജോണ്‍ മക്കോണല്‍ ഉന്നയിച്ച ഭൗമദിനാചരണം എന്ന ആശയം യുനെസ്‌കോ അംഗീകരിക്കുകയായിരുന്നു. 1970 ഏപ്രില്‍ 22നായിരുന്നു ആദ്യത്തെ ഭൗമദിനാചരണം. ഏപ്രില്‍ 22ന് ഭൗമദിനാചരണം ആചരിക്കുന്നതിനൊരു പ്രത്യേകതയുണ്ട്. ഉത്തരാര്‍ധ ഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ധ ഗോളത്തില്‍ ശരത് കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭ വര്‍ഷം തോറും ഭൗമ ഉച്ചകോടികളും ജല ഉച്ചകോടികളും പാരിസ്ഥിതിക ഉച്ചകോടികളും നടത്തുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ലോകത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും കൊടുങ്കാറ്റുകളും പ്രളയങ്ങളും മഹാമാരികളും സുനാമികളുമൊക്കെയായി ദുരന്തങ്ങള്‍ നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ 100 വര്‍ഷം കൊണ്ട് ഭൂഗോളത്തില്‍ മനുഷ്യവാസം തന്നെ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അന്തരീക്ഷ മലിനീകരണം, ജൈവ വൈവിധ്യങ്ങളുടെ നാശം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ആഗോള താപനം, ജല മലിനീകരണം, സൗരോര്‍ജ പ്രസരണത്തിലെ മാറ്റങ്ങള്‍, മഴ, കാറ്റ് എന്നിവയിലെ അസന്തുലിതാവസ്ഥ എന്നിങ്ങനെ ഭൂഗോളത്തില്‍ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.

ആഗോളതാപനമാണ് നമ്മള്‍ ഇന്ന് നേരിടുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്‌നം. കഴിഞ്ഞ 50 വര്‍ഷമായി ഭൂമിയിലെ ആഗോള താപനില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് മുഖ്യകാരണം ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ആധിക്യമാണ്. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമുള്ള അമേരിക്കയാണ് ഏറ്റവും കൂടുതല്‍ ഇത്തരം വാതകം പുറത്ത് വിടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 22.5 ശതമാനം. ആഗോള താപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് 28 ശതമാനം ഉത്പാദിപ്പിക്കുന്നത് ചൈനയാണ് എന്നത് മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളായ അന്റാര്‍ട്ടിക്കയില്‍ 2002 മുതല്‍ പ്രതിവര്‍ഷം 134 ബില്യണ്‍ മെട്രിക് ടണ്‍ ഐസാണ് ആഗോള താപനം കാരണം നഷ്ടപ്പെടുന്നതെന്ന വസ്തുത ശാസ്ത്രലോകം ഭീതിയോടെയാണ് കാണുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഭൂമിയിലെ താപവര്‍ധനക്ക് 90 ശതമാനവും കാരണം മനുഷ്യന്റെ ദുഷ്‌ചെയ്തികളാണെന്നാണ് യു എന്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പുറത്തുവിട്ട പഠന റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തില്‍ മാത്രമല്ല, സമുദ്രോപരിതലത്തിലും ചൂട് കൂടിയിട്ടുണ്ട്. അതോടൊപ്പം കൊടുങ്കാറ്റും ചുഴലിക്കാറ്റും ആവര്‍ത്തിച്ച് ദുരന്തം വിതക്കാന്‍ ആരംഭിച്ചു. പ്രളയവും വെള്ളപ്പൊക്കവും കടലേറ്റവും വര്‍ധിച്ചുവരികയാണ്. ഇടിയും മിന്നലും കൂടുതല്‍ നാശമുണ്ടാക്കുന്നു.

നാം നേരിടുന്ന മറ്റൊരു ഗുരുതര പ്രശ്‌നം കാലാവസ്ഥാ വ്യതിയാനമാണ്. ഇതിന്റെ ഫലമായി മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്നു. നിരവധിയാളുകള്‍ സൂര്യതാപമേറ്റ് പ്രയാസപ്പെടുന്നു. ഖനനത്തിലൂടെ നമ്മുടെ കടല്‍ത്തീരവും പശ്ചിമഘട്ട പ്രദേശങ്ങളും ഭീഷണിയിലാണ്. മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നു. നമ്മുടെ ജലസമ്പത്തിന്റെ 80 ശതമാനവും മലിനമായതായി പഠനങ്ങള്‍ തെളിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഒരു രാജ്യത്തിനും ഇന്ന് കഴിയുന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യരാഷ്ട്ര സംഘടന തന്നെ പ്രകൃതി സംരക്ഷണം പ്രധാന അജന്‍ഡയായി ഏറ്റെടുക്കുകയും 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആദ്യ ഭൗമ ഉച്ചകോടിക്ക് വേദിയൊരുക്കുകയും ചെയ്തത്. ഇതോടെ നാം ജീവിക്കുന്ന ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കണമെന്നും അതിന് കഴിയാത്ത പക്ഷം ഭൂമിയില്‍ വാസം അസാധ്യമാകുമെന്നുമുള്ള ആശയം ശക്തിപ്പെട്ടു. ഭൗമ ഉച്ചകോടിയുടെയും മറ്റും ഫലമായി ലോകരാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന പാരിസ്ഥിതിക അവബോധത്തിന്റെ ഫലമായാണ് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യം വെച്ച് 2016ല്‍ പാരീസ് ഉടമ്പടി ഒപ്പിട്ടത്. അമേരിക്ക, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ ഉള്‍പ്പെടെയുള്ള 195 രാഷ്ട്രങ്ങള്‍ ഈ കരാറിന്റെ ഭാഗമാകുകയും ചെയ്തു. അന്തരീക്ഷ ഊഷ്മാവും ഗ്രീന്‍ഹൗസ് വാതകങ്ങളുടെ തോതും കുറച്ചു കൊണ്ടുവരിക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച് വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മില്‍ ചില തര്‍ക്കങ്ങളൊക്കെ ഉയര്‍ന്നുവന്നെങ്കിലും കാലാവസ്ഥാ മാറ്റം തടയേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല.

സൂര്യനില്‍ നിന്ന് വരുന്ന അപകടകാരിയായ അള്‍ട്രാവയലറ്റ് രശ്മികളെ ഒരു പരിധി വരെ ഭൗമ പ്രതലത്തിലെത്താതെ കാത്തുസൂക്ഷിക്കുന്നത് ഭൂമിയുടെ കുടയെന്ന് വിശേഷിപ്പിക്കുന്ന ഓസോണ്‍ പാളിയാണ്. എന്നാല്‍ ഇപ്പോള്‍ ഓസോണ്‍ പാളികള്‍ക്ക് വിള്ളലേറ്റ് തുടങ്ങി. ചര്‍മാര്‍ബുദങ്ങള്‍, നേത്രരോഗം, വിളനാശം, സമുദ്ര പരിസ്ഥിതിയുടെ നാശം തുടങ്ങി ഒട്ടേറെ ദുരിതങ്ങള്‍ക്ക് ഭൂമി ഇരയാകുകയാണ്. ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ ആണ് ഓസോണ്‍ ശോഷണത്തിന് കാരണമായ ഏറ്റവും വലിയ വിനാശകാരി. എയര്‍കണ്ടീഷണര്‍, ഫ്രിഡ്ജ്, സ്‌പ്രേകള്‍ തുടങ്ങിയവയൊക്കെ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ പുറത്ത് വിടുന്നു. ഓസോണുകളിലുണ്ടായിട്ടുള്ള വിള്ളലുകളിലൂടെ ഭൂമിയിലേക്ക് ആഗിരണം ചെയ്യുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ പരിസ്ഥിതിക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ രശ്മികള്‍ നമ്മുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

വിശാലമായ ഒരു വായു ഗോളം ഭൂമിയുടെ ഉപരിതലത്തിലുണ്ട്. ഫാക്ടറികളില്‍ നിന്ന് വിസര്‍ജിക്കുന്ന മാലിന്യങ്ങളുടെയും രാസപദാര്‍ഥങ്ങളുടെയും പ്രവാഹം, വാഹനങ്ങളുടെ പുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ വായു ഗോള മലിനീകരണത്തിന് മുഖ്യകാരണമാകുന്നു. ന്യൂഡല്‍ഹി ഇന്ന് ഇന്ത്യയുടെ തലസ്ഥാനം മാത്രമല്ല വായു മലിനീകരണത്തിന്റെ ആഗോള കേന്ദ്രവും കൂടിയാണ് എന്നത് നാം ലജ്ജയോടെ ഓര്‍ക്കണം. വായു മലിനീകരണം മൂലമാണ് ലോകത്ത് പ്രതിവര്‍ഷം 1.37 കോടി മനുഷ്യര്‍ മരണപ്പെടുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് വളരെ ഗൗരവത്തോടെയാണ് നാം കാണേണ്ടത്.
വെള്ളത്തിന്റെ വലിയ ലഭ്യത കാരണം ഭൂമി അറിയപ്പെടുന്നത് ബ്ലൂ പ്ലാനെറ്റ് അഥവാ നീലഗ്രഹം എന്നാണ്. ഭൂമിയുടെ എഴുപത് ശതമാനവും ജലമാണ്. അതില്‍ 97 ശതമാനം ഉപ്പ് വെള്ളവും രണ്ട് ശതമാനം ഐസും ഒരു ശതമാനം ശുദ്ധജലവുമെന്നാണ് കണക്ക്. പ്രതിദിനം രണ്ട് മില്യണ്‍ ടണ്‍ മാലിന്യങ്ങള്‍ നദീതടങ്ങളിലേക്ക് തള്ളുന്നു. മലിനീകരണം കാരണം ലോകത്ത് ഒരു ബില്യണ്‍ ആളുകള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. ജലലഭ്യതയുടെ അഭാവത്തില്‍ മരിക്കുന്നവരുടെ എണ്ണം 2.2 മില്യണാണ്. ഐക്യ രാഷ്ട്രസഭയുടെ റിപോര്‍ട്ട് അനുസരിച്ച് 2025ല്‍ 3.5 ബില്യണ്‍ ജനങ്ങള്‍ ജലക്ഷാമം നേരിടും. ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ഭാവിയിലുണ്ടാകുന്ന യുദ്ധം ജലത്തിന് വേണ്ടിയായിരിക്കും. നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് നദികള്‍, ജോര്‍ദാന്‍ നദി എന്നിവയിലെല്ലാം തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. മുല്ലപ്പെരിയാറും കാവേരിയും നമുക്ക് പാഠങ്ങളാണ്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനവും നേരിടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതില്‍ ഏറ്റവും ഗുരുതരമെന്ന് വിശേഷിപ്പിക്കാവുന്നതാണ് നമ്മുടെ മാലിന്യ പ്രശ്‌നങ്ങള്‍. ഒരു ദിവസം കേരളം പുറന്തള്ളുന്നത് 10,000 ടണ്‍ മാലിന്യം. ഇതില്‍ 5,000 ടണ്‍ മാലിന്യം മാത്രമാണ് സംസ്‌കരിക്കപ്പെടുന്നത്. അവശേഷിക്കുന്ന പകുതി മാലിന്യം കേരളത്തിലങ്ങോളമിങ്ങോളം ചിതറി കിടന്ന് പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ആരോഗ്യകരമായ ജീവിതത്തിനും രോഗപ്രതിരോധത്തിനും പ്രാഥമികമായി വേണ്ടതാണ് ആരോഗ്യകരമായ ചുറ്റുപാട്. അത് നഷ്ടപ്പെടുമ്പോഴാണ് രോഗങ്ങളും മരണങ്ങളും മനുഷ്യനെ കീഴടക്കുന്നത്. കരയും കടലും വായുവുമൊക്കെ മലിനീകരിക്കപ്പെട്ടതാണ് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാകട്ടെ, ഇന്ത്യയെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളെയും.

ജീവവായുവും ജീവിത ചുറ്റുപാടുകളും നമുക്ക് മാത്രമല്ല, വരും തലമുറക്ക് കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ മുതല്‍ ഭൗമാന്തര്‍ ഭാഗത്തെ പ്രകമ്പനത്തെ വരെ നിയന്ത്രിക്കാന്‍ നമ്മുടെ കൂട്ടായ പാരിസ്ഥിതിക സൗഹൃദ സമീപനത്തിലൂടെയും ശ്രദ്ധയിലൂടെയും സാധിക്കും. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും സംഘടനകളും രാഷ്ട്രങ്ങളും കൈ കോര്‍ത്ത് പിടിക്കണമെന്നേയുള്ളൂ. നമ്മുടെ ആവാസവ്യവസ്ഥകളായ സമതലങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍, പുല്‍മേടുകള്‍, വയലുകള്‍, കൃഷിഭൂമികള്‍, തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പുനിലങ്ങള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം തുടങ്ങിയവയോടൊക്കെയും നാം സ്നേഹമസൃണമായും കരുതലോടും പെരുമാറേണ്ടതുണ്ട്.
ഇനിയും നമ്മള്‍ ഭൂമിയെക്കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ ഇനി എപ്പോഴാണ് ചിന്തിച്ചു തുടങ്ങുക എന്നതാണ് ചോദ്യം. ഭൂമിയുടെ നിലനില്‍പ്പിന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നില്ലെങ്കില്‍ പിന്നെപ്പോഴാണ് പ്രവര്‍ത്തിക്കുക. ആമസോണ്‍ കാടുകളിലെ കനലും കൊവിഡും കാലാവസ്ഥാ മാറ്റവുമൊക്കെ തീര്‍ക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ നയപരിപാടികള്‍ വേണം. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ ജീവിക്കാനുള്ളത് നമ്മള്‍ ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു.

Latest