onion and philipene
ചോക്ലേറ്റും സ്പ്രേയുമല്ല; ഫിലിപ്പൈൻസ് പ്രവാസികൾ സ്യൂട്ട്കേസിൽ കുത്തിനിറക്കുന്നത് ഉള്ളി
ഫിലിപ്പൈൻസിൽ ഉള്ളിയുടെ വില കിലോക്ക് 10 ഡോളർ (40 ദിർഹം) എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനാലാണിത്.

അബുദബി | സ്വന്തം നാട്ടിൽ വില ഉയർന്നതോടെ കിലോകണക്കിന് ഉള്ളി യു എ ഇയിൽ നിന്ന് സ്യൂട്ട്കേസുകളിലാക്കി കൊണ്ടുപോകുന്ന ഫിലിപ്പൈൻസ് സ്വദേശികളുടെ ചിത്രം നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫിലിപ്പൈൻസിൽ ഉള്ളിയുടെ വില കിലോക്ക് 10 ഡോളർ (40 ദിർഹം) എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനാലാണിത്. ഫിലിപ്പൈൻ വിഭവങ്ങളിൽ പ്രധാനമായ ചുവന്ന, വെള്ള ഉള്ളിക്ക് ഇപ്പോൾ ചിക്കൻ, ബീഫ് ബ്രസ്കറ്റുകളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി വിലയുണ്ട് ഫിലിപ്പീൻസിൽ.
ലഭ്യതക്കുറവും ഉയർന്ന പണപ്പെരുപ്പ നിരക്കും വിലക്കയറ്റത്തിന് കാരണമായി. യു എ ഇയിൽ ഉള്ളിക്ക് കിലോക്ക് 1.50 ദിർഹമാണ് വില. ഫിലിപ്പീൻസിലേക്കുള്ള അടുത്ത വിമാനത്തിൽ സ്യൂട്ട്കേസിൽ ഉള്ളി പാക്ക് ചെയ്യുമെന്ന് അബുദബിയിലെ മൃഗ പരിശീലകനായ ജോനാഥൻ സിബോൾ പറഞ്ഞു. ഫിലിപ്പൈൻസിൽ പാചകത്തിന് ഉള്ളി വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്, എന്നാൽ ദുഃഖകരമെന്നു പറയട്ടെ, കിലോക്ക് 600 [40 ദിർഹം] പെസോയാണെന്നും അദ്ദേഹം പറഞ്ഞു.