Oman
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ആരോഗ്യ, അപകട ഇന്‍ഷ്വറന്‍സ് - 'നോര്‍ക്ക കെയര്‍' നവംബര്‍ ഒന്ന് മുതല്‍
18 വയസ്സിനും 70 വയസ്സിനും ഇടയ്ക്കു പ്രായമുള്ള നോര്‍ക്ക ഐ ഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്കും, സ്റ്റുഡന്റ് ഐ ഡി കാര്‍ഡ് ഉള്ളവര്‍ക്കും അതുപോലെ കേരളത്തിന് പുറത്തു മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന NRK ID കാര്‍ഡ് ഉള്ളവര്‍ക്കും ചേരാം. ഇതൊരു ഫാമിലി ഫ്‌ളോട്ടെര്‍ പോളിസി ആണ്. 25 വയസ് വരെയുള്ള കുട്ടികള്‍ക്കും അംഗം ആകാം.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍ ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത താറുമാറാക്കും. കുടുംബത്തിന്റെ സമാധാനപരമായ അന്തരീക്ഷവും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കും കുടുംബത്തിനും ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അത്യാവശ്യമാണ്. ഇതിനുള്ള തുക ഒരു ചെലവായി കരുതരുത്. ഇന്ന് പ്രവാസികള്‍ക്കും അല്ലാതുള്ളവര്‍ക്കും നാട്ടില്‍ ധാരാളം ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ലഭ്യമാണ്. അതിനു അടയ്‌ക്കേണ്ട പ്രീമിയം, ഇന്‍ഷ്വറന്‍സ് തുക, പ്രായം, പദ്ധതിയിലെ ആനുകൂല്യങ്ങള്‍ എന്നിവ അനുസരിച്ച് വ്യത്യാസം വരാം.
പ്രവാസികള്‍ക്കു വേണ്ടി നോര്‍ക്ക റൂട്‌സ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിരിക്കുന്ന ഒരു ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് പോളിസി ആണ് ‘നോര്‍ക്ക കെയര്‍’. ഇത് ഇന്ത്യയിലെ പൊതു മേഖലയിലുള്ള ഒരു പ്രമുഖ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ആണ് നടപ്പിലാക്കുന്നത്.
പദ്ധതിയില്‍ ചേരാനുള്ള യോഗ്യത
18 വയസ്സിനും 70 വയസ്സിനും ഇടയ്ക്കു പ്രായമുള്ള നോര്‍ക്ക ഐ ഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്കും, സ്റ്റുഡന്റ് ഐ ഡി കാര്‍ഡ് ഉള്ളവര്‍ക്കും അതുപോലെ കേരളത്തിന് പുറത്തു മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന NRK ID കാര്‍ഡ് ഉള്ളവര്‍ക്കും ചേരാം. ഇതൊരു ഫാമിലി ഫ്‌ളോട്ടെര്‍ പോളിസി ആണ്. 25 വയസ് വരെയുള്ള കുട്ടികള്‍ക്കും അംഗം ആകാം.
എപ്പോള്‍ ചേരാം
സെപ്തംബര്‍ മാസം 22 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് നിലവില്‍ ഈ പോളിസിയില്‍ ചേരാനുള്ള കാലാവധി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പോളിസി പ്രാബല്യത്തില്‍ വരും. 2026 ഒക്ടോബര്‍ 31 വരെയാണ് കാലാവധി. പിന്നീട് വീണ്ടും പ്രീമിയം അടച്ചു പോളിസി പുതുക്കേണ്ടതാണ്. സെപ്തംബര്‍ മാസം 22ന് കേള മുഖ്യമന്ത്രി ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
നോര്‍ക്ക ഐഡി ഇല്ലാത്തവര്‍
നോര്‍ക്ക ID ഉള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ അംഗമാകാന്‍ പറ്റുന്നത്. അതുകൊണ്ടു അംഗമല്ലാത്തവള്‍ എത്രയും പെട്ടെന്ന് അംഗത്വം എടുക്കുക. വളരെ ലളിതമായി ഓണ്‍ലൈന്‍ (https://norkaroots.kerala.gov.in)ആയി അംഗത്വം എടുക്കാം. പാസ്‌പോര്‍ട്ടിന്റെ ആദ്യത്തേതും അവസാനത്തെ പേജിന്റെ കോപ്പി, റസിഡന്റ് കാര്‍ഡ് അല്ലെങ്കില്‍ വിസ കോപ്പി, ഫോട്ടോ, ഒപ്പ് ഇവ നോര്‍ക്ക റൂട്‌സ് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുക. 408 രൂപയാണ് ഫീസ്. ഈ കാര്‍ഡിന് മൂന്ന് വര്‍ഷ കാലാവധിയാണ് ഉള്ളത്. അപേക്ഷകര്‍ 18-70 വയസ് മധ്യേ ആയിരിക്കണം.
ആനുകൂല്യങ്ങള്‍
നേരത്തെ പറഞ്ഞതുപോലെ ഇതൊരു ആരോഗ്യ അപകട ഇന്‍ഷ്വറന്‍സ് പോളിസി ആണ്. ആശുപത്രി ചെലവുകള്‍ പോളിസി കാലാവധിയില്‍ 5 ലക്ഷം വരെ ആണ് കിട്ടുന്നത്. ഇന്ത്യയില്‍ ഉടനീളമുള്ള 14,000 ത്തില്‍ അധികം ആശുപത്രികളില്‍ കാഷ്ലെസ്സ് (ആശുപത്രിയില്‍ റൊക്കം തുക കൊടുക്കാതെ) ചികിത്സ ലഭ്യമാണ്. ആശുപത്രി വാസത്തിനു 30 ദിവസം മുമ്പേയുള്ള ചെലവുകളും അതുപോലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ട 60 ദിവസം വരെയുള്ള ചെലവുകളും ഈ പദ്ധതി പ്രകാരം കിട്ടുന്നതാണ്. ആശുപത്രി കിടത്തി ചെലവ് മാത്രമേ ലഭിക്കുകയുള്ളൂ. ഇതൊരു അപകട ഇന്‍ഷ്വറന്‍സ് പദ്ധതി കൂടിയാണ്. അപകട മരണത്തിനും, അപകടം കാരണം അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും നഷ്ടപരിഹാരം കിട്ടും. അപകട മരണത്തിന് നോര്‍ക്ക ഐ ഡി ഉള്ളയാള്‍ക്ക് 10 ലക്ഷം രൂപ ആണ് അനന്തര അവകാശിക്കു കിട്ടുന്നത്. ഇനി നിര്‍ഭാഗ്യവശാല്‍ ഒരു പ്രവാസി വിദേശ രാജ്യത്തു വച്ച് മരണപ്പെട്ടാല്‍, മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് 50,000 രൂപ വരെ സഹായം കിട്ടും. മറ്റു സംസ്ഥാങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് 25,000 രൂപയാണ്. ആശുപത്രി റൂം വാടക (പ്രതിദിനം 5,000 രൂപവരെ), ICU ചാര്‍ജ്‌സ് (പ്രതിദിനം 10,000 രൂപ വരെ) എന്നിങ്ങനെ ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നതും നിലവിലുള്ള അസുഖങ്ങള്‍ കവര്‍ ചെയ്യും എന്നതും പദ്ധതിയുടെ സവിശേഷതയാണ്.
വാര്‍ഷിക പ്രീമിയം
ഇതൊരു ഫാമിലി പ്ലാന്‍ ആണെന്ന് പറഞ്ഞല്ലോ. അച്ഛനും അമ്മയും 25 വയസ്സ് വരെയുമുള്ള കുട്ടികള്‍ക്കു നിലവില്‍ GST ഉള്‍പ്പെടെ 13,411 രൂപയാണ് വാര്‍ഷിക അടവ്. വ്യക്തിഗത പോളിസി ആണെങ്കില്‍ 8,101 രൂപയും, അധികത്തിലുള്ള കുട്ടികള്‍ക്ക് 4,130 രൂപയും ആണ് വാഷിക പ്രീമിയം. പൊതുവെ പറഞ്ഞാല്‍ ഇതൊരു നല്ല പദ്ധതി ആണെന്ന് തന്നെ പറയാം. 18 നും 70 വയസ്സിനും മധ്യേ ഉള്ളവര്‍ക്ക് ഒരേ പ്രീമിയം എന്നത് ഒരു നല്ല കാര്യമാണ്. പൊതുവെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 60 കഴിയുന്നവര്‍ക്ക് പ്രീമിയം കൂടുതലാണ് ഈടാക്കുന്നത്. നാലു പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് 5 ലക്ഷം എന്ന പരിധി കുറവാണ് എന്ന ന്യൂനതയുണ്ട്. (18 കഴിഞ്ഞ എല്ലാവര്‍ക്കും വ്യക്തിഗത പോളിസി എടുത്ത് 5 ലക്ഷം വീതവും കവര്‍ ചെയ്യാം).
ഇതൊരു തുടക്കം ആണ്. വരും കാലങ്ങളില്‍ കാലോചിതമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ കൂട്ടുമെന്ന് കരുതാം. ലഭ്യമായ വിവരങ്ങള്‍ വച്ചാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്ക റൂട്‌സ് മായി ബന്ധപ്പെടുക. (ടോള്‍ ഫ്രീ നമ്പറുകള്‍ 1800 2022 501-1800 2022 502).
(ഗ്ലോബല്‍ മണി എക്സ്ചേഞ്ച്-എക്സിക്യൂട്ടീവ്
ഉപദേശകനാണ് ലേഖകന്‍)